നടന്‍ ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ചുള്ള വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി ഷെയ്ന്‍ നിഗം. താന്‍ സംസാരിച്ച വിഡിയോ മുഴുവന്‍ കാണാതെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിക്കുകയാണെന്ന് ഷെയ്ന്‍ നിഗം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അവസരം മുതലെടുത്ത് ചിലര്‍ക്ക് മതവിദ്വേഷം പരത്താന്‍ തന്റെ വാക്കുകള്‍ കാരണമായി എന്നതിനാലാണ് തന്റെ ഈ ഫെയ്സ്ബുക്ക് പോസ്റ്റെന്നും ഷെയ്ന്‍ വ്യക്തമാക്കുന്നു. പോസ്റ്റിനു താഴെ ഷെയ്നിന്റെ പരാമര്‍ശം മോശമായിപ്പോയെന്ന തരത്തില്‍ നിരവധി കമന്റുകള്‍ നിറഞ്ഞതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
ഷെയ്നിന്റെ വാക്കുകള്‍
‘കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വീഡിയോ ദൃഷ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.
പിന്നെ അവസരം മുതലെടുത്തു മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും...തള്ളണം...
ഇത് ഷെയിൻ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹൻലാലിന്റെയും, സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്...’
അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിനു വഴിവച്ചത്. ഉണ്ണി മുകുന്ദൻ മഹിമാ നമ്പ്യാർ കോമ്പോയെ പരിഹസിക്കും വിധത്തിലുളള പരാമര്‍ശമായിരുന്നു ഷെയ്നിന്റേത്. പ്രൊഡക്ഷൻ കമ്പനിയായ UMF-നെ അശ്ലീല ഭാഷയിൽ പ്രയോഗിച്ചതാണ് വിഷയമായത്. ഇതുകേട്ട് അവതാരകയും മഹിമാ നമ്പ്യാരും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വിഡിയോയിലുണ്ടായിരുന്നു.