മാര്‍കോയിലൂടെ ഉണ്ണി മുകുന്ദന്‍ റിയല്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആയി മുന്നേറുകയാണ്. റീലീസ് ചെയ്ത ഭാഷകളിലെല്ലാം ചിത്രം ഹിറ്റ് ആണ്. ഉണ്ണി മാര്‍കോയ്ക്ക് മുന്‍പും മാര്‍കോയ്ക്കു ശേഷവും എന്ന രീതിയിലാണ് സോഷ്യല്‍മീഡിയയുടെ സംസാരം. താരത്തിന്റെ വിഡിയോകളും ചിത്രങ്ങളും വൈറലാണ് സൈബര്‍ ലോകത്ത്.
അതിനിടെയില്‍ ഇപ്പോള്‍ ഗുജറാത്തി ഭാഷ തത്ത പറയുംപോലെ പറയുന്ന ഉണ്ണിയുടെ ഒരു അഭിമുഖവും വൈറലാവുകയാണ്. ഗുജറാത്തി മാധ്യമത്തിനു നല്‍കിയ വിഡിയോ ആണ് സൈബറിടത്തില്‍ പ്രചരിക്കുന്നത്. അഭിമുഖം ഹിന്ദിയിലോ ഇംഗ്ലീഷിലോ അല്ല മറിച്ച് പച്ചവെള്ളം പോലെ താരം ഗുജറാത്തി ആണ് സംസാരിക്കുന്നത്. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ഉണ്ണി മുകുന്ദന്‍ ഗുജറാത്തിലെ മണിനഗറിലാണ് തന്റെ സ്കൂള്‍ കാലഘട്ടം പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ മണ്ഡലമാണ് മണിനഗര്‍. കോളജ് കാലഘട്ടത്തിലാണ് തിരിച്ച് കേരളത്തിലെത്തിയത്. ഈ അഭിമുഖത്തില്‍ തന്നെ ഉണ്ണി മുകുന്ദന്‍ മൂന്ന് ഭാഷകളിലേക്ക് അനായാസേന സ്വിച്ച് ചെയ്ത് സംസാരിക്കുന്നത് കണ്ട സന്തോഷം മറച്ചുവക്കുന്നില്ല ആരാധകരും.
മാര്‍കോയുടെ ഹിന്ദിപതിപ്പ് എല്ലാവരും കാണണമെന്നും താരം ഗുജറാത്തി ആരാധകരോട് പറയുകയാണ്. ആറേഴു ഭാഷകള്‍ സുഗമമായി കൈകാര്യം ചെയ്യുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. അഭിനയമികവില്‍ മാത്രമല്ല ഭാഷാ നൈപുണ്യത്തിലും താരം മുന്നിലാണെന്നാണ് ആരാധകകമന്റുകള്‍.
അഭിമുഖം വൈറലായതിനു പിന്നാലെ കമന്റുകളും നിറയുന്നുണ്ട്. നെറ്റ്ഫ്ലിക്സ് ഫീച്ചര്‍ പോലെ ഭാഷ സ്വിച്ച് ചെയ്യുകയാണല്ലോ ഉണ്ണിബ്രോ എന്നാണ് ഒരു കമന്റ്. ഈ മൊതല് കൈവിട്ടു പോവാണല്ലോ കര്‍ത്താവേ...നമുക്ക് ഒറ്റപ്പാലം മതി എന്നാണ് ഒരു ആരാധകന്റ കമന്റ്. ഗുജറാത്തി കാല്‍ത്തള കെട്ടിയ മലയാളി ചെക്കന്‍ എന്ന് പാട്ടിന്റെ വരി മാറ്റിഎഴുതിയും സജീവമാണ് താരത്തിന്റെ ആരാധകര്‍.
.