കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയ്ക്കഭിമാനമായി 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് ഗ്രാന്‍ഡ് പ്രീ പുരസ്കാരം. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പുരസ്കാരം പ്രതീക്ഷിച്ചില്ലെന്നും നേട്ടത്തില്‍ അഭിമാനമെന്നും പുരസ്കാര സ്വീകരണത്തിന് പിന്നാലെ താരങ്ങള്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷാണ് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ ഇന്ത്യന്‍ സിനിമയ്ക്ക് പുരസ്കാരം.
ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്. ഇമാജിന്‍ ചെയ്യാവുന്നതിനുമപ്പുറം പ്രകാശിതമായി ഇന്ത്യന്‍ സിനിമ. ലോകചലചിത്രത്തിന്‍റെ പ്രീമിയര്‍ വേദിയില്‍ ഇന്ത്യന്‍ തിളക്കം. ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം. അങ്ങനെ വിശേഷണങ്ങള്‍ ഏറെ. പായല്‍ കപാഡിയ എഴുതി സംവിധാനം ചെയ്ത മലയാളം–ഹിന്ദി ചിത്രം ചിത്രത്തിലൂടെ രണ്ട് നഴ്സുമാരുടെ ജീവിതവുമായി ഇഴചേര്‍ന്ന പ്രണയമാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ പ്രഭ എന്ന കഥാപാത്രമായി കനിയും പ്രഭയുടെ സുഹൃത്തായ അനുയായിയെ അവതരിപ്പിച്ച് ദിവ്യ പ്രഭയും ചിത്രത്തില്‍ തിളങ്ങിയപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് കാനിലെ പകരം വയ്ക്കാനാകാത്ത പുരസ്കാരം. ഹൃദു ഹറൂണ്‍, ഛായ കാദാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 22 സിനിമകളെ പിന്തള്ളിയാണ് ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ പുരസ്കാര നേട്ടം.