നടൻ ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷെയ്ൻ നിഗം. ഉണ്ണി മുകുന്ദന്റെ നിർമാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസിനെക്കുറിച്ച് നടത്തിയ പരാമർശത്തിലാണ് ഷെയ്ൻ മാപ്പ് പറഞ്ഞത്. സ്വതന്ത്ര നിർമാതാക്കൾക്ക് മലയാള സിനിമയിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് നിർമാതാവ് സാന്ദ്രാ തോമസ് പറഞ്ഞു. പുതിയ ചിത്രമായ ലിറ്റിൽ ഹാർട്സിന്റെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും.
ലിറ്റിൽ ഹാർട്സിന്റെ പ്രമോഷനിടെ നൽകിയ അഭിമുഖത്തിൽ ഉണ്ണിമുകുന്ദന്റെ നിർമ്മാണ കമ്പനിയെ കുറിച്ച് ഷെയ്ൻ അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു വിമർശനം. എന്നാൽ അത് തമാശയായി പറഞ്ഞതാണെന്നും ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. ഒപ്പം ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിന്റെ ആരോധകരോടും പരസ്യമായി മാപ്പും പറഞ്ഞു.
തന്റെ അമ്മയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വന്ന പരാമർശങ്ങളിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മട്ടാഞ്ചേരി ഗ്യാങ് എന്ന് വിശേഷിപ്പിച്ച് തന്നെ വിമർശിക്കുന്നതിൽ അടിസ്ഥാനമില്ലെന്നും ഷെയ്ൻ പറഞ്ഞു. അതേസമയം കോർപറേറ്റ് കമ്പനികൾക്ക് ഒപ്പം പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയിലാണ് മലയാളത്തിലെ സ്വതന്ത്രനിർമാതാക്കളെന്ന് സാന്ദ്ര തോമസ്. സ്ത്രീയായതിനാൽ തന്നെ സഹായിക്കാൻ പോലും ആരും തയ്യാറാകുന്നില്ല. നടി മഹിമ നമ്പ്യാരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഈമാസം ഏഴിന് ലിറ്റിൽ ഹാർട്സ് തിയറ്ററിലെത്തും.