അടുക്കളയില്‍ ഒരേപോലെ ജോലി ചെയ്യുന്ന അച്ഛനും അമ്മയുമുള്ള മൂന്നാം ക്ലാസ് പാഠപുസ്​തകം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ സമയമാണിത്. കാലങ്ങളായി നടക്കുന്ന തുല്യതയെ സംബന്ധിച്ച ചര്‍ച്ചകളുടെയും, എല്ലാ മേഖലകളിലേക്കും സ്ത്രീകളുടെ കടന്നുവരവുണ്ടായതിന്‍റെയും ഫലമാണ് പല ഇടങ്ങളിലും പ്രകടമായി കാണുന്നത്. അതില്‍ സിനിമ പോലും പങ്കുവഹിച്ചിട്ടുണ്ട്. ഇതിനോടു ബന്ധപ്പെടുത്തിവേണം സിനിമയിലെ സ്​ത്രീപാതിനിധ്യത്തെ പറ്റിയുള്ള ചര്‍ച്ചയേയും കാണാന്‍. സിനിമയിലെ സ്​ത്രീ പ്രാതിനിധ്യത്തെ പറ്റി പ്രമുഖരുടെ പ്രതികരണങ്ങള്‍ തേടുന്ന പരമ്പര തുടരുന്നു. ‘പെണ്ണിന് തിരയില്‍ ഇടം കുറയുന്നോ..?’ രണ്ടാം ഭാഗം

ദീദി ദാമോദരന്‍( തിരക്കഥാകൃത്ത് )

ഇതുപോലെ ഒരു ചര്‍ച്ച നടക്കുന്നത് നല്ല കാര്യമാണ്. പക്ഷേ അതില്‍ അല്‍ഭുതമെന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. കാരണം തൊഴിലിടത്ത് ഒരു കംപ്ലെയ്​ന്‍റ് സെല്ലിനായി നേരത്തെ തന്നെ ഉള്ള ഒരു നിയമം പ്രാവര്‍ത്തികമാക്കാന്‍ ഡബ്ല്യുസിസി ഒരു കേസ് നടത്തി വിജയിച്ചിട്ടും, ഇന്നും സെറ്റുകളില്‍ ഐസി ഇല്ല. വിട്ടുവീഴ്​ചകള്‍ക്ക് തയാറായാല്‍ മാത്രമേ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കൂ എന്ന സാഹചര്യമുള്ളയിടത്ത്, ചില സിനിമകളില്‍ സ്ത്രീപ്രാധിനിധ്യം ഇല്ല എന്ന് പറയുന്നത് എങ്ങനെയാണ് അല്‍ഭുതമാകുന്നത്. 

അവകാശങ്ങളെ പറ്റി പറയാന്‍ തുടങ്ങിയപ്പോഴായിരിക്കും സ്ത്രീകള്‍ സിനിമയില്‍ നിന്നും ഇല്ലാതായത്

ദീദി ദാമോദരന്‍

സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്ന പ്രക്രിയ സുതാര്യമാകണമെന്ന മിനിമം കണ്ടീഷന്‍ പോലുമില്ല, നിലനില്‍ക്കണമെങ്കില്‍ വിട്ടുവീഴ്​ചകള്‍ ചെയ്യേണ്ടിവരുമെന്നത് പരസ്യമാണ്, ഇങ്ങനെയൊരു ഇടത്ത് എങ്ങനെയാണ് ചില സിനിമകളില്‍ സ്​ത്രീകള്‍ കുറവുണ്ട് എന്ന് പറയുക. അടിസ്ഥാനപരമായി സ്ത്രീയെ തുല്യമായി കാണാന്‍ പോലും തയാറല്ലാത്ത ഇന്‍ഡസ്​ട്രിയില്‍ നിന്ന് അതാല്ലാത്ത ഒന്നും പ്രതീക്ഷിക്കാനില്ല. സ്ത്രീകളുണ്ട് എന്ന് പറയുന്ന സിനിമയില്‍ പോലും നാമമാത്രമാവുമാവുകയോ തെറ്റായി ചിത്രീകരിക്കപ്പെടുകയോ ചെയ്യുന്നു. അതുകൊണ്ട് പെട്ടെന്ന് കുറച്ച് സിനിമകളില്‍ സ്ത്രീകളില്ലാതെ ആയി എന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഇതിനൊപ്പം പറയാനുള്ളത്, അവകാശങ്ങളെ പറ്റി പറയാന്‍ തുടങ്ങിയപ്പോഴായിരിക്കും സ്ത്രീകള്‍ സിനിമയില്‍ നിന്നും ഇല്ലാതായത്. കാരണം ഇപ്പോള്‍ പഴയത് പോലെയല്ലെന്നും പരാതികള്‍ പുറത്തുവരുമെന്നുമാവുമ്പോള്‍, എന്നാല്‍ പിന്നെ  സ്ത്രീകളെ വേണ്ട എന്ന രീതിയിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ടാവും. 

സിജു വില്‍സണ്‍ (നടന്‍, നിര്‍മാതാവ് )

കഥയും കഥസന്ദര്‍ഭങ്ങളും അനുസരിച്ചാണ് കഥാപാത്രങ്ങള്‍ സ്​ത്രീകള്‍ ചെയ്യണോ പുരുഷന്മാര്‍ ചെയ്യണോ എന്ന് തീരുമാനിക്കുന്നത്. ആവേശത്തിലും മഞ്ഞുമ്മല്‍ ബോയ്​സിലുമൊക്കെയാണ് സ്​ത്രീകഥാപാത്രങ്ങളില്ല എന്ന് പറയുന്നത്. മഞ്ഞുമ്മല്‍ ബോയ്​സില്‍ ഒരു സ്​ത്രീകഥാപാത്രത്തിന്‍റെ ആവശ്യമില്ല. പക്ഷേ അതില്‍ സുഭാഷിന്‍റെ അമ്മയുടെ കഥാപാത്രമുണ്ട്. സിനിമക്ക് ആവശ്യമായ സ്​ത്രീകഥാപാത്രങ്ങളാണ് വേണ്ടത്. സ്​ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമ എത്ര പ്രേക്ഷകര്‍ പോയി കാണുന്നുണ്ട്. ഞാന്‍ തന്നെ നിര്‍മിച്ച വാസന്തി എന്ന സിനിമയില്‍ സ്ത്രീകഥാപാത്രത്തിനാണ് പ്രാധാന്യം. പുരുഷകഥാപാത്രങ്ങള്‍ അതില്‍ വന്നുപോകുന്നതാണ്. വാസന്തി എന്ന സിനിമ തിയേറ്ററില്‍ ഇറങ്ങിയാല്‍ എത്ര പേര് പോയി കാണുമായിരുന്നു? ഈ പറയുന്നവരൊന്നും കാണില്ല. അതുകൊണ്ടാണ് തിയേറ്ററില്‍ ഇറക്കാതിരുന്നത്.

സിജു വില്‍സണ്‍

സ്​ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമ എത്ര പ്രേക്ഷകര്‍ പോയി കാണുന്നുണ്ട്?

വെറുതേയുള്ള ഒരു ചര്‍ച്ചയാണിത്. അല്ലെങ്കില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളുള്ള എത്രയോ സിനിമ ഇറങ്ങിയിട്ടുണ്ട്. പല സിനിമകളും വിജയിച്ചിട്ടുമുണ്ട്. മലയാളത്തില്‍ അധികം വിജയങ്ങളില്ലാത്ത സമയത്ത് പ്രേക്ഷകര്‍ക്ക് ഇഷ്​ടപ്പെടുന്ന രീതിയിലുള്ള സിനിമകള്‍ വിജയിച്ചപ്പോള്‍ ഉണ്ടായ ഒരു ചര്‍ച്ചയാണിത്. സ്ത്രീകേന്ദ്രീകൃത സിനിമയില്‍ പുരുഷന് നായകനാവണമെന്ന് പറയുന്നതുപോലെ ആണിത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമ കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. അങ്ങനെയുള്ള സിനിമ പോയി കാണാറുമുണ്ട്. എഴുത്തുകാരുടെ കയ്യിലാണ് ഈ കാര്യങ്ങളിരിക്കുന്നത്.

ലാലി പി.എം (അഭിനേത്രി )

അടുത്തിടെ വന്ന 'ഭ്രമയുഗം', 'മഞ്ഞുമ്മല്‍ ബോയ്​സ്' ഉള്‍പ്പെടെയുള്ള സിനിമകളില്‍ സ്​ത്രീകളായി ഒന്നോ രണ്ടോ പേര് മാത്രമാണുള്ളത്. ഭ്രമയുഗവും മ‍ഞ്ഞുമ്മല്‍ ബോയ്​സും വേണ്ടെന്നല്ല, അത്തരം സിനിമകളും വേണം. എന്നാല്‍ കാലങ്ങളായി സ്​ത്രീകള്‍ക്ക് ഒരു പ്രാതിനിധ്യവുമില്ലാത്ത സിനിമകളാണ് മലയാളത്തില്‍ കൂടുതല്‍ വരുന്നത്. ഈ വിഷയത്തെ പറ്റി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സമൂഹത്തിന്‍റെ ഒരു ഉപോല്‍പ്പന്നം ആണ് സിനിമ. സമൂഹം ആവശ്യപ്പെടുന്നതാണ് സിനിമ കൊടുക്കുന്നത്. ഇതൊരു ബിസിനസാണ്. ലാഭം നോക്കേണ്ടതുണ്ട്. സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ വിജയിച്ചാല്‍ ചിലപ്പോള്‍ അങ്ങനെയുള്ള സിനിമകള്‍ വന്നേക്കും.

ലാലി.പി.എം

സമൂഹം ആവശ്യപ്പെടുന്നതാണ് സിനിമ കൊടുക്കുന്നത്

ഐഎഫ്എഫ്ക്കെയില്‍ സ്​ത്രീപ്രാധാന്യവും പ്രാതിനിധ്യവുമുള്ള നിരവധി സിനിമകള്‍ വരുന്നുണ്ട്. അത് കാണാന്‍ തിക്കിതിരക്കി ആളുകള്‍ കയറുന്നുമുണ്ട്. എന്നാല്‍ പുറത്ത് വന്ന് കയ്യടിച്ച് വിജയിപ്പിക്കുന്നത് അത്തരം സിനിമകളെയാവില്ല. അങ്ങനെയുള്ള സിനിമകള്‍ ഇവിടെ ഉണ്ടാവുന്നുമില്ല. ഈ വിഷയത്തില്‍ ആരെ കുറ്റം പറയണം?

ആത്യന്തികമായി സിനിമ നിര്‍മാതാവിന്‍റെ ചോയിസാണ്. നിര്‍മാതാവിന് കാശ് കിട്ടണം. മാര്‍ക്കറ്റ് ഉള്ള ആളുകളെ ചുറ്റിപ്പറ്റിയെ കഥ ഉണ്ടാവൂ. കഥ എഴുതി അതിന് ചേരുന്ന അഭിനേതാക്കളെ തീരുമാനിക്കുകയല്ല ചെയ്യുന്നത്. ഭൂരിഭാഗവും സിനിമകളും അങ്ങനെയാണ്. സമൂഹത്തിന്‍റെ മൊത്തത്തിലുള്ള മനോഭാവം മാറാതെ സിനിമക്കാര്‍ ഒരു മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാനാവില്ല. അല്ലെങ്കില്‍ അത്രയും നിശ്ചയദാര്‍ഢ്യമുള്ള നിര്‍മാതാവും തിരക്കഥാകൃത്തും സംവിധായകരും വരണം. മാര്‍ക്കറ്റ് നോക്കിയാണ് സിനിമ ചെയ്യുന്നത്. സ്ത്രീകള്‍ വേണമെന്ന് നിര്‍മാതാക്കള്‍ക്കും നിര്‍ബന്ധമില്ല. കാരണം സിനിമ വിജയിച്ചാല്‍ മതി.

മുഹാഷിന്‍  ( സംവിധായകന്‍ )

കഥയുടെ സഞ്ചാരത്തിന് ആനുപാതികമായ രീതിയിൽ ആവണം ഓരോ കഥയിലും കഥാപാത്രങ്ങളുടെ പ്ലേസിങ് ഉണ്ടാവേണ്ടത് എന്നാണ് ഞാൻ കരുതുന്നത്. സ്ത്രീയോ പുരുഷനോ കുട്ടിയോ ആരുമോ ആയിക്കോട്ടെ, ഒരു കഥയിൽ അവരുടെ പ്രാതിനിധ്യത്തിന് വേണ്ടി മാത്രം പ്ലേസ് ചെയ്‌താൽ അത് ഒരു തിരുകികയറ്റിയ അവസ്ഥ ആണ് ഉണ്ടാക്കുക. ഏച്ചു കെട്ടുന്ന കഥാപാത്രവും സംഭാഷണങ്ങളും മുഴച്ചു തന്നെ നിൽക്കും. മലയാളത്തിൽ എത്രയോ സിനിമകൾ ഓരോ കൊല്ലവും ഉണ്ടാക്കപ്പെടുന്നു. അതിൽ പുരുഷകേന്ദ്രീകൃതമായ സിനിമകളും അല്ലാത്ത സിനിമകളും ഉണ്ടാവും. ഏത് സിനിമയിൽ ആണെങ്കിലും കഥക്ക് അനുസരിച്ച് ആവണം അത് ആരിൽ കേന്ദ്രീകരിക്കണം എന്ന് തീരുമാനിക്കാൻ. അതേ എല്ലാ സിനിമയിലും സംഭവിക്കുന്നുള്ളൂ എന്നാണ് ഞാൻ കരുതുന്നത്. ഇക്കൊല്ലം പുറത്തിറങ്ങി വലിയ വാണിജ്യ വിജയങ്ങൾ ആയ ആറോ എഴോ സിനിമകളിൽ രണ്ടു മൂന്നു സിനിമകളിലെ പ്രധാന കഥാപാത്രം എന്ന നിലയിൽ ഒരു സ്ത്രീസാന്നിധ്യമില്ലായ്മയാണ് ഇപ്പോൾ ഇങ്ങനെ ഒരു വാദം മുന്നോട്ട് വെക്കാനുള്ള ആസന്നകാരണം എന്ന് കരുതുന്നു.

മുഹാഷിന്‍

പ്രാതിനിധ്യത്തിന് വേണ്ടി മാത്രം പ്ലേസ് ചെയ്‌താൽ അത് ഒരു തിരുകികയറ്റിയ അവസ്ഥ ആണ് ഉണ്ടാക്കുക

മലയാളത്തിൽ ഇക്കൊല്ലം മാത്രം റിലീസ് ആയ ഏതാനും സിനിമകൾ പരിശോധിച്ചാൽ തന്നെ ഇക്കാര്യം മനസ്സിലാകും. 'ഗുരുവായൂർ അമ്പലനടയിൽ' എന്ന സിനിമ നോക്കുക. ഇപ്പോഴും തിയേറ്ററിൽ ഉള്ള സിനിമ ആയതിനാൽ കഥയിലേക്ക് കടക്കുന്നില്ല. എങ്കിലും ഒരു സ്ത്രീകഥാപാത്രത്തിന് അവിടെ നിർണ്ണായകമായ ഇടമുണ്ടെന്നു സിനിമ കണ്ടവർക്ക് മനസ്സിലാകും. പ്രേമലു, ആട്ടം, പെരുമാനി, സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, മന്ദാകിനി തുടങ്ങിയ സിനിമകളിൽ ഇങ്ങനെ കൃത്യമായ സ്ത്രീകഥാപാത്രങ്ങളുടെ പ്ലേസ്​മെന്‍റ് കാണാനാവും. അതേ സമയം 'ആവേശം' സിനിമയിൽ ബെംഗളൂരുവില്‍ എത്തുന്ന മൂന്നു വിദ്യാർഥികളും അവിടെയുള്ള ഒരു ഡോണും തമ്മിലുള്ള ബന്ധമാണ് കഥ. കഥയെ സ്വാധീനിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിരിക്കെ തന്നെ പറയുന്നു അവിടെ ഒരു പ്രധാന കഥാപാത്രം എന്ന നിലയിൽ സ്ത്രീക്ക് ഇടമില്ല. 'മഞ്ഞുമ്മൽ ബോയ്സി'ലും സമാന സ്ഥിതിയാണ്. യഥാർഥ കഥ സിനിമ ആയ ചിത്രത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ ആണ് പ്രധാന താരങ്ങളായി വരുന്നത്. പറഞ്ഞ് വരുന്നത് ഒരു സിനിമയുടെ കഥ എങ്ങനെ ആവുന്നു അതിലെ കഥാപാത്രങ്ങൾ എങ്ങനെ ആവുന്നു എന്നതാണ് പ്രധാനം. അതല്ലാതെ എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടോ എന്നതല്ല. കഥയുടെ ഒഴുക്കിനെ ബാധിക്കുന്നില്ലെങ്കിലും പൊളിറ്റിക്കലി കറക്​റ്റ് ആണെങ്കിലും കഥാകൃത്തിന്റെ സ്വാതന്ത്ര്യം ആയി അത് അംഗീകരിക്കുകയെ നിവൃത്തിയുള്ളൂ. അല്ലാത്ത പക്ഷമുള്ള ആരോപണങ്ങൾ ഒച്ചപ്പാടുകൾ മാത്രമായി അവശേഷിക്കും.

ENGLISH SUMMARY:

Celebrity opinion on women Representation in mollywood part two