നീരുവന്ന് വീര്‍ത്ത മുഖത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ഹിന്ദി ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദ്. മുഖത്ത് യാതൊരു വിധ സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകളും ചെയ്തിട്ടില്ലെന്ന് തെളിക്കുന്നതിന്‍റെ ഭാഗമായാണ് താരം സെല്‍ഫികള്‍ പങ്കുവച്ചത്. ലിപ് ഫില്ലേഴ്സ് അടക്കം നിരവധി പരീക്ഷണങ്ങള്‍ക്ക് ഉര്‍ഫി വിധേയമായി എന്നതരത്തിലുളള വാര്‍ത്തകള്‍ക്ക് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയത്.
ലിപ് ഫില്ലേഴ്സ് പരീക്ഷണം അതിര് കടന്നുപോയെന്നും പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതാകാമെന്നും തരത്തിലുളള കമന്‍റുകളാണ് ഉര്‍ഫിയുടെ ചിത്രങ്ങള്‍ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ തനിക്ക് അലര്‍ജിയാണെന്നും താന്‍ യാതൊരു വിധ കോസ്മെറ്റിക് സര്‍ജറിക്കും വിധേയയായിട്ടില്ലെന്നും കുറിച്ചുകൊണ്ട് ഉര്‍ഫി തന്‍റെ അലര്‍ജി വന്ന് തടിച്ച മുഖത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.
'എന്‍റെ മുഖത്തിന് നേരെ ധാരാളം തെറ്റായ കമന്‍റുകള്‍ വരുന്നു. മുഖത്ത് ചെയ്തിരിക്കുന്ന ഫില്ലേഴ്സ് അതിര് കടന്നിരിക്കുന്നു എന്ന്. എനിക്ക് സാരമായി രീതിയില്‍ തന്നെ അലര്‍ജി പ്രശ്നങ്ങളുണ്ട്. മിക്കവാറും സമയങ്ങളില്‍ എന്‍റെ മുഖം വീര്‍ത്ത് തന്നെയാണ് ഇരിക്കാറ്. ഇടവിട്ടുളള ദിവസങ്ങളില്‍ രാവിലെ ഞാന്‍ എഴുനേല്‍ക്കുമ്പോഴെല്ലാം എന്‍റെ മുഖത്ത് നീര് കാണപ്പെടാറുണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ കടുത്ത അസ്വസ്ഥത നേരിടുണ്ട്. സുഹൃത്തുക്കളേ അത് ഫില്ലേഴ്സ് അല്ല അലര്‍ജിയാണ്' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ഉര്‍ഫി കുറിച്ചത്.
വസ്ത്രധാരണത്തില്‍ എന്നും തികച്ചും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന വ്യക്തിയാണ് ഉര്‍ഫി ജാവേദ്. ഉർഫിയുടെ വസ്ത്രങ്ങൾ പലപ്പോഴും അതിരുവിടുന്നുണ്ട് എന്നാണ് ഒരു വിഭാഗം ആളുകളുടെ വിമര്‍ശനം. എന്നാല്‍ ക്രിയേറ്റീവായ പരീക്ഷണമാണെന്ന അഭിപ്രായക്കാരും ഉര്‍ഫിയെ പിന്തുണയ്ക്കുന്നുണ്ട്. ഉര്‍ഫി അവസാനം പങ്കുവച്ച ചിത്രത്തിന് നേരെയും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചൈനീസ് വോക്കില്‍ നിന്നുള്ള ഒരു പുതിയ ഔട്ട്ഫിറ്റിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ചുവപ്പ്- വെള്ള നിറങ്ങളിലുള്ള വസ്ത്രത്തില്‍ നൂഡില്‍സ് പാക്കറ്റുകള്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റൈല്‍ ചെയ്തിരുന്നത്. ഉര്‍ഫിയുടെ ഈ നൂഡില്‍സ് വസ്ത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.