ഗില്ലി തുടങ്ങിവെച്ച വിജയ് ചിത്രങ്ങളുടെ റീ റിലീസ് ആഘോഷങ്ങളിലേക്ക് തുപ്പാക്കിയുമെത്തുന്നു. വിജയ്യുടെ പിറന്നാളിനോട് അനുബന്ധിച്ച് ജൂൺ 21നാണ് തുപ്പാക്കി റീ റിലീസ് ചെയ്യുന്നത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം 2012 നവംബർ 12 നായിരുന്നു തിയറ്ററിലെത്തിയത്. ചിത്രത്തില്‍ ക്യാപ്റ്റൻ ജഗദീഷ് എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്.
കാജൽ അഗർവാൾ, വിദ്യുത് ജംവാൾ, ജയറാം, മനോബാല, സക്കീർ ഹുസൈൻ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്ഷയ് കുമാർ നായകനായ ഹോളിഡേ: എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി എന്ന പേരിൽ ഹിന്ദിയിലും ബംഗാളിയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ആഗോളതലത്തിൽ 120 കോടിയിലധികം നേടിയ സിനിമ 2012 ലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.