താരസംഘടനയായ അമ്മയില്‍നിന്ന് രാജിവച്ചതില്‍ പശ്ചാത്താപമില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ പാര്‍വതി. തന്റെ എല്ലാ തീരുമാനങ്ങളും വളരെയധികം ചിന്തിച്ചും ആലോചിച്ചുമാണ് ചെയ്തിട്ടുള്ളതെന്നും പാര്‍വതി പറഞ്ഞു. അതെസമയം സ്ത്രീകള്‍ക്ക് സിനിമ ലൊക്കേഷനുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വേണമെന്ന കാര്യം ആദ്യമായി ആവശ്യപ്പെട്ടത് പാര്‍വതിയാണെന്നും എന്നാല്‍ അമ്മ ചെയ്യുന്ന പ്രവര്‍ത്തികളില്‍ കുറച്ചെങ്കിലും നന്മയുണ്ടോയെന്ന് നോക്കുകയെ നിവര്‍ത്തിയുള്ളുവെന്ന് നടി ഉര്‍വശിയും പ്രതികരിച്ചു. ഉള്ളൊഴുക്കെന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥം മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പാര്‍വതിയും ഉര്‍വശിയുടെയും പ്രതികരണം. അഭിമുഖം ഇന്ന് വൈകിട്ട് 5.30ന് മനോരമ ന്യൂസില്‍ കാണാം.

നടിയെ ആക്രമിച്ച കേസിന് പിന്നാലെ അമ്മയ്ക്കുള്ളില്‍ ഉയര്‍ന്ന പ്രതിഷേധത്തില്‍ അവസാനത്തേതായിരുന്നു പാര്‍വതിയുടെ രാജി. ആക്രമിക്കപ്പെട്ട നടിയും , റിമ കല്ലിങ്കലും, പത്മപ്രിയയും, ഗീതു മോഹന്‍ദാസും അടക്കമുള്ളവര്‍ 2018ല്‍ രാജിവച്ചിട്ടും സംഘടനയ്ക്കുള്ളില്‍നിന്ന് പാര്‍വതി പോരാട്ടം തുടര്‍ന്നു. ഒടുവില്‍ 2020ലാണ് പാര്‍വതി അമ്മ അംഗത്വം രാജിവച്ചത്. വിമര്‍ശനം മാറ്റിനിര്‍ത്തി കാണാന്‍ ആഗ്രഹിക്കുന്ന മാറ്റമായി സ്വയം മാറുകയാണ് വഴിയെന്ന് ഉറച്ചുപറഞ്ഞാണ് അമ്മയില്‍നിന്ന് രാജിവച്ചതില്‍ പശ്ചാത്താപമില്ലെന്ന് പാര്‍വതി പറയുന്നത്.

സ്ത്രീകള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ വേണമെന്നതടക്കം പാര്‍വതി ഉള്‍പ്പെടെ ഉയര്‍ത്തിപിടിച്ച കാര്യങ്ങള്‍ ഇന്ന് പുതുമുഖങ്ങളടക്കം ആവശ്യപ്പെടുന്ന മാറിയ സാഹചര്യം സിനിമാമേഖലയില്‍ ഉണ്ടെന്ന് പറയുന്നു നടി ഉര്‍വശി.  അഭിനയിക്കുന്ന ചിത്രങ്ങളുെട ലൊക്കേഷനില്‍ താന്‍ വനിത കമ്മിഷന്റെ പ്രതിനിധിയായത് ധൈര്യമായി പ്രശ്നങ്ങളില്‍ ഇടപെടാന്‍ കാരണമായെന്നും ഉര്‍വശി പറഞ്ഞു. 

എന്നാല്‍ വിഭിന്നരായ മനുഷ്യരുള്ള സംഘടനയില്‍ വൈവിധ്യമുള്ള അഭിപ്രായങ്ങളുണ്ടാകുമെന്നും സിനിമയില്ലാത്തവര്‍ക്ക് കൈനീട്ടവും വീടില്ലാത്തവര്‍ക്ക് വീടും താരസംഘടനയായ അമ്മ നല്‍കുന്നുണ്ടെന്നും ഉര്‍വശി പറഞ്ഞു. അമ്മ ചെയ്യുന്ന പ്രവര്‍ത്തികളില്‍ കുറച്ചെങ്കിലും നന്മയുണ്ടായെന്ന് നോക്കുകയെ നിവര്‍ത്തിയുള്ളു.

ഒടിടിയില്‍ കറി ആന്‍ഡ് സയനൈഡ് ഒരുക്കി പ്രശസ്തനായ ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ പാര്‍വതിയും ഉര്‍വശിയും അഭിനയിച്ച് ഉള്ളൊഴുക്ക് 21ന് തിയറ്ററുകളിലെത്തും.

ENGLISH SUMMARY:

No regrets about resigning from 'AMMA';: Parvatthi