കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കോടി രൂപ നിക്ഷേപിച്ചതില്‍ സര്‍ക്കാര്‍ ഇതുവരെ നടത്തിയത് ഒളിച്ചുകളി. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിയസമഭയില്‍ പോലും മറുപടി നല്‍കിയില്ല. കെ.എഫ്.സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളിലും അംബാനി കമ്പനിയുടെ പേര് മറച്ചുവച്ചു. പ്രതിപക്ഷ നേതാവിന്‍റെ വാര്‍ത്താസമ്മേളനത്തിന് ശേഷമാണ് നിക്ഷേപം നടത്തിയതും പണം നഷ്ടപ്പെട്ടതും സമ്മതിക്കാന്‍ നിലവിലെ ധനമന്ത്രിയും മുന്‍ധനമന്ത്രിയും തയ്യാറായത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അനില്‍ അംബാനിയുടെ കമ്പനിയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട ചോദ്യം നിയമസഭയില്‍ ഉന്നയിക്കപ്പെട്ടത്. എംഎല്‍എമാരായ പി.സി.വിഷ്ണുനാഥ്, ടി.ജെ.വിനോദ്, എം.വിന്‍സന്‍റ് എന്നിവര്‍ ഉന്നയിച്ച 4398ാം നമ്പര്‍ ചോദ്യത്തില്‍ അനില്‍ അംബാനിയുടെ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടോയെന്നും പ്രസ്തുത തുക നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും ആരായുന്നു. എം.എല്‍.എമാരായ കെ ബാബു, എ.പി അനില്‍ കുമാര്‍, ഐ.സി ബാലകൃഷ്ണന്‍ എന്നിവരുന്നയിച്ച 4400ാമത്തെ ചോദ്യത്തില്‍ അംബാനി കമ്പനിയില്‍ എത്രരൂപ നിക്ഷേപിച്ചു, നിക്ഷേപത്തിന്‍റെ പലിശ നിരക്ക്, നിക്ഷേപിച്ച തുകയില്‍ എത്ര തിരിച്ചുകിട്ടി എന്നീ കാര്യങ്ങള്‍ക്കാണ് ഉത്തരം തേടിയത്. ആറുമാസമായിട്ടും ഈ ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മറുപടി നല്‍കിയിട്ടില്ല.
2018 ഏപ്രിലാണ് കെഎഫ്സിയുടെ വിവാദ നിക്ഷേപം. ഇതിന് ശേഷം പ്രസിദ്ധീകരിച്ച രണ്ട് വാര്‍ഷിക റിപ്പോര്‍ട്ടുകളിലും നിക്ഷേപം നടത്തിയ അംബാനി കമ്പനിയുടെ പേര് പരാമര്‍ശിക്കുന്നില്ല. ഒടുവില്‍ 2020-21ലെ റിപ്പോര്‍ട്ടില്‍ മാത്രമാണ് അംബാനിക്കമ്പനിയില്‍ നിക്ഷേപം നടത്തിയാതായി സര്‍ക്കാര്‍ സമ്മതിക്കുന്നത്. അപ്പോഴും പലിശനിരക്ക്, തിരിച്ച് കിട്ടിയ തുകയെത്ര തുടങ്ങിയ വിവരങ്ങളൊന്നും പങ്കുവയ്ക്കപ്പെട്ടില്ല. ഒടുവില്‍ പ്രതിപക്ഷ നേതാവ് രേഖകള്‍ സഹിതം ആരോപണം ഉന്നയിച്ചതോടെയാണ് നിക്ഷേപം നടത്തിയതായും പണം നഷ്ടപ്പെട്ടതായും നിലവിലെ ധനമന്ത്രിയും മുന്‍ധനമന്ത്രിയും തുറന്ന് പറയുന്നത്. എല്ലാം സുതാര്യമാണെങ്കില്‍ എന്തിന് ഈ ഒളിച്ചുകളിയെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.