അല്ലു അർജുനും അറ്റ്‌ലിയും ഒന്നിക്കുന്ന സിനിമയെ കുറിച്ചുള്ള വാർത്തകൾ കുറച്ചു നാളുകളായി വലിയ ചർച്ചയായിരുന്നു. എന്നാൽ, സംവിധായകനുമായുള്ള പ്രതിഫല പ്രശ്‌നങ്ങൾ കാരണം സിനിമ ഇനി നടക്കില്ലെന്നാണ് സൂചന. അറ്റ്‌ലി ഒടുവില്‍ സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ആഗോളതലത്തില്‍ 1000 കോടിയോളം നേടിയ ജവാന്റെ നിര്‍മ്മാണ് ഷാരൂഖിന്റെ റെഡ് ചില്ലിസ് പ്രൊഡക്ഷന്‍ ഹൗസായിരുന്നു.

ഇതിന് പിന്നാലെയാണ് മുന്‍പ് അല്ലു അര്‍ജുനുമായി ചേര്‍ന്ന് അറ്റ്ലി സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത വന്നത്. അല്ലു അര്‍ജുന്‍റെ കുടുംബത്തിന്‍റെ നിര്‍മ്മാണ കമ്പനി ഗീത ആര്‍ട്സ് ചിത്രം നിര്‍മ്മിച്ചേക്കും എന്നായിരുന്നു വിവരം. പുഷ്പ2വിന് ശേഷം അല്ലു അര്‍ജുന്‍ ചിത്രം ഇതായിരിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ജവാന്‍ ചിത്രത്തില്‍ അറ്റ്ലി ശമ്പളമായി 80 കോടി വാങ്ങിയിരുന്നു. അല്ലു ചിത്രത്തിന് അറ്റ്ലി ചോദിച്ചത് 100 കോടിയാണ് എന്നാണ് വിവരം. ഇത്രയും തുക നല്‍കാന്‍ നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചതോടെയാണ് പ്രൊജക്ട് പ്രതിസന്ധിയിലായത്. അതേസമയം അല്ലുവും അദ്ദേഹത്തിന്‍റെ ബാനറും പിന്‍മാറിയതോടെ അറ്റ്ലി മറ്റൊരു താരത്തെ വച്ച് ചിത്രം ചെയ്യാനുള്ള ശ്രമത്തിലാണ് എന്നാണ് വിവരം.

ENGLISH SUMMARY:

Allu Arjun and Atlee’s upcoming movie shelved due to remuneration issues