maala-parvathi-nadanna-sambavam

'നടന്ന സംഭവത്തെ' പ്രശംസയില്‍മൂടി  നടി മാല പാര്‍വതി. തരക്കേടില്ലാത്ത സിനിമ പ്രതീക്ഷിച്ചാണ് ടിക്കറ്റെടുത്തത് . ബിജു മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, ശ്രുതി രാമചന്ദ്രന്‍, ലിജോ മോള്‍. സുധി കോപ്പ....അഭിനേതാക്കളുടേത്  അതിഗംഭീര പ്രകടനം. അടുത്തലാത്തിറങ്ങിയ മികച്ച സ്​ത്രീപക്ഷ സിനിമയെന്ന വിശേഷണവും  നടന്ന സംഭവത്തിന് മാല പാര്‍വതി നല്‍കി. 

ഫേസ്​ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

'ഇന്ന് ഉള്ളൊഴുക്ക് കണ്ടിറങ്ങിയപ്പോഴാണ് " നടന്ന സംഭവവും" നല്ലതാണ് എന്നറിഞ്ഞത്. എന്നാൽ പിന്നെ അതും കാണാൻ തീരുമാനിച്ചു. ഒരു 'ഫാമിലി എൻ്റർടെയ്നർ " എന്ന ടാഗോടെ വന്ന ചിത്രമായത് കൊണ്ട് തരക്കേടില്ലാത്ത ഒരു സിനിമ പ്രതീക്ഷിച്ചാണ് കയറിയത്. പക്ഷേ നടന്ന സംഭവം വേറെയായിരുന്നു. പുരുഷന്മാരുടെ മദ്യപാന സദസ്സുകളിലെ ഗോസിപ്പ് കഥകളിലൂടെയാണ് ചിത്രം വികസിക്കുന്നത്. 

ഇന്ദിരാ നഗറിലെ പുരുഷന്മാരുടെ മദ്യപാന സദസ്സ് അജിത്തേട്ടന്റെ വീട്ടിലാണ്. സുരാജ് വെഞ്ഞാറമൂട് ആണ് അജിത്തിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു രാഗം വിസ്തരിക്കുമ്പോൾ, രാഗത്തിന്‍റെ നിയതമായ സ്വരസ്ഥാനങ്ങളിൽ സ്പർശിച്ച് രാഗത്തിന്‍റെ വിവിധങ്ങളായ ഭാവങ്ങളെ ശ്രോതാവിലേക്ക് പകർന്ന് തരുന്നത് പോലെ അജി എന്ന വ്യക്തിയുടെ ആന്തരികമായ അവസ്ഥയെ സുരാജ് ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. ''ഭാര്യയുമായുള്ള യൂറോപ്യൻ ട്രിപ്പ് എങ്ങനെ എന്ന ചോദ്യത്തിന് ഉപ്പ് ചാക്കും തലയിൽ ചുമന്ന് തൃശ്ശൂർ പൂരം കണ്ട പോലെ എന്ന തമാശ പറയുന്ന അജി സുരാജ് എന്ന നടനിൽ ഭദ്രമായി. ഭർത്താവിനെ ഭയക്കുന്ന, കെട്ടുകാഴ്ചയായി നിൽക്കേണ്ടി വരുന്ന മടുപ്പും ഗതികേടും അസാധ്യമായി അവതരിപ്പിച്ചുട്ടുണ്ട് ലിജോ മോള്‍. 

അങ്ങനെയുള്ള ഇന്ദിരാ നഗറിലേക്ക്, പുരുഷന്മാരുടെ മദ്യ സദസ്സിൽ ചേരാൻ താല്പര്യമില്ലാത്ത.. ഭാര്യയ്ക്ക് ബ്രേക്ക് ഫാസ്​റ്റ് ഉണ്ടാക്കി കൊടുക്കുന്ന, സ്വന്തം കാര്യവും, കുടുബ കാര്യവും നോക്കുന്നത് അന്തസ്സിന് കുറവാണെന്ന് കരുതാത്ത ഉണ്ണിയേട്ടൻ എത്തുന്നു. ബിജു മേനോന്‍ ആണ് ഉണ്ണിയേട്ടനെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രുതി രാമചന്ദ്രന്‍ അവതരിപ്പിക്കുന്ന ആത്മാഭിമാനമുള്ള സ്ത്രീയുടെ ഭർത്താവ്. എന്നാൽ ഭർത്താവ് എന്നത് ഭരിക്കാനോ, അധികാരം കാണിക്കാനുള്ള സ്ഥാനമായല്ല ഉണ്ണിയേട്ടൻ കണക്കാക്കുന്നത്. സുഹൃത്തായി, പങ്കാളിയായി കൂട്ടുകാരനെ പോലെയാണ് വീട്ടിൽ. നാട്ടിൽ എല്ലാവരോടും ഉണ്ണിയേട്ടൻ അങ്ങനെയാണ്. ബിജു മേനോൻ ഉണ്ണിയേട്ടനായി അങ്ങ് ജീവിച്ചിട്ടുണ്ട്. 

ഇന്ദിരാനഗറിലെ സ്ത്രീകളോടൊപ്പം പച്ചക്കറി വാങ്ങാനിറങ്ങുന്ന രസികനായ മറൈൻ എഞ്ചിനിയർ ഉണ്ണിയേട്ടൻ അജിത്തേട്ടന്റെ മദ്യപാന സദസ്സിലെ ഒരു പ്രശ്നമാകുന്നു. സുധി കോപ്പ അവതരിപ്പിക്കുന്ന ലിങ്കൻ എന്ന ഓൺലൈൻ പത്രക്കാരൻ ഉണ്ണിയേട്ടനെ സ്കെച്ച്‌ ചെയ്യുന്നതോടെ കഥ മാറുന്നു. 

അതിഗംഭീരമായ ഒരു സ്ത്രീപക്ഷ സിനിമയാണ് ''നടന്ന സംഭവം". സ്ത്രീ പുരുഷ സൗഹൃദത്തിൽ.. സംസാരിക്കേണ്ട, സംസാരിക്കാവുന്ന വിഷയങ്ങൾക്ക് പോലും വിലക്കുള്ള നാടാണ് നമ്മുടേതെന്ന് ചിത്രം നമ്മെ കാണിച്ചു തരുന്നു. നമ്മുടെ എല്ലാം ഉള്ളിലെ കപട സദാചാരത്തെയും, മനസ്സിന്‍റെ ഇടുങ്ങിയ ചിന്താഗതിയുടെയും മുന്നിൽ ഒരു കണ്ണാടി പിടിച്ചിരിക്കുകയാണ് സംവിധായകൻ വിഷ്​ണു നാരായണന്‍. രാജേഷ് ഗോപിനാഥ് ആണ് ചിത്രം എഴുതിരിക്കുന്നത്. പരദൂഷണം സ്ത്രീകളുടെ കുത്തകയാണെന്ന ക്ളീഷേ പഴഞ്ചൊല്ലിനെ എഴുതിതള്ളിയിട്ടുണ്ട് ഈ ചിത്രം'

ENGLISH SUMMARY:

Maala Parvathi praises ''Nadanna Sambavam'' movie