kalki-kalki

പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി ജൂണ്‍ 27ന് തിയറ്ററുകളില്‍ എത്താനിരിക്കെ ഹൗസ്ഫുള്ളായി 2019 ലെ തെലുങ്ക് ചിത്രം കല്‍ക്കി. എന്നാല്‍ അതിന് പിന്നില്‍ രസകരമായ ഒരു കാരണമുണ്ട്. ബുക്കിങ് ചെയ്യാന്‍ തിരക്ക്കൂട്ടുന്നതിനിടയില്‍ ആരാധകര്‍ക്ക് പറ്റിയ ഒരബദ്ധം.

കല്‍ക്കി 2898 എഡിയുടെ പ്രീബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ബുക്ക്മൈഷോ വഴി ബുക്ക് ചെയ്ത ആരാധകര്‍ക്കാണ് പണികിട്ടിയത്. കല്‍ക്കി 2898നു പകരം 2019 ലെ തെലുങ്ക് ചിത്രം കല്‍ക്കിയുടെ ടിക്കറ്റുകളാണ് ഇവര്‍ ബുക്ക് ചെയ്തത്. ഇതോടെ രാജശേഖര്‍ നായകനായ കല്‍ക്കിയുടെ ഒന്നിലധികം ഷോകളാണ് ഹൗസ്ഫുള്‍ ആയിമാറിയത്.

സംഭവത്തില്‍ പ്രതികരിച്ച് നടന്‍ രാജശേഖറും രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി തനിക്ക് ബന്ധമില്ലെന്നാണ് തമാശരൂപേണ അദ്ദേഹം എക്സില്‍ കുറിച്ചത്. ‘പ്രിയ പ്രഭാസ്, നാഗാശ്വിന്‍, അശ്വിനിദത്ത്, വൈജയന്തി ഫിലിംസ് നിങ്ങള്‍ക്കെന്‍റെ ആശംസകള്‍. കല്‍ക്കി ചരിത്രം സൃഷ്ടിക്കട്ടെ’ എന്നും അദ്ദേഹം കുറിച്ചു. രാജശേഖറിന്‍റെ കല്‍ക്കിയുടെ ഇരുപതോളം ഷോകളുടെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്. 

പലരും ടിക്കറ്റ് എടുത്തതിന് ശേഷം മാത്രമാണ് സിനിമ മാറിപ്പോയതായി തിരിച്ചറിഞ്ഞത്. അതേസമയം ഇത് സാങ്കേതിക തകരാർ മൂലം ഉണ്ടായതാണെന്നും കൽക്കിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവര്‍ക്കും കൽക്കി 2898 എഡിയുടെ ടിക്കറ്റ് നല്‍കുമെന്നും ബുക്ക്മൈഷോ എക്സില്‍ കുറിച്ചു.

പ്രഭാസിനൊപ്പം ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദിഷ പഠാനി, ശോഭന, അന്ന ബെന്‍ എന്നിങ്ങനെ പല ഇന്‍ഡസ്​ട്രിയില്‍ നിന്നുമുള്ള വന്‍താരനിരയാണ് ‘കല്‍കി 2898 എ.ഡി’യിലെത്തുന്നത്. വിഷ്ണുവിന്‍റെ അവതാരമായ ഭൈരവ ആയാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. എഡി 2898ലെ സാങ്കല്‍പിക ലോകത്ത് നടക്കുന്ന കഥയും അവിടെ ഭൈരവ നേരിടുന്ന വെല്ലുവിളിയുമാണ് ചിത്രം.

തെലുങ്കിലെ ഹിറ്റ് ഫിലിം മേക്കര്‍ നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 600 കോടി രൂപ മുതല്‍മുടക്കില്‍ വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി.അശ്വനി ദത്താണ് കല്‍ക്കി 2898 എഡി നിര്‍മിക്കുന്നത്. ഒന്നിലധികം ഭാഷകളിൽ 2ഡിയിലും 3ഡിയിലും ചിത്രം പുറത്തിറങ്ങും. സന്തോഷ് നാരായണനാണ് കല്‍ക്കി 2898 എഡിയുടെ പാട്ടുകള്‍ ഒരുക്കുന്നത്.

ENGLISH SUMMARY:

Fans mistook 2019 film Kalki as Kalki 2898 AD, and book tickets for it. The film goes housefull.