താര സംഘടയായ അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി എല്ലാ അംഗങ്ങൾക്കും കത്തയച്ച‌ിരുന്നു. ഇപ്പോഴിതാ അമ്മയോഗത്തില്‍ പങ്കെടുക്കാത്ത ഫഹദ് ഫാസിലിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയാണ് നടന്‍ അനൂപ് ചന്ദ്രന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനൂപിന്‍റെ വിമര്‍ശനം. എറണാകുളത്ത് ഉണ്ടായിട്ടും അമ്മ യോഗത്തില്‍ പങ്കെടുക്കാത്ത ഫഹദും ഭാര്യയും മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്തുവെന്നും അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും അതിന് കാരണം എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയാണെന്നും അനൂപ് ചന്ദ്രന്‍ പറയുന്നു. 

അനൂപിന്‍റെ വാക്കുകള്‍

'അമ്മയുടെ പ്രവർത്തനത്തില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്‍റെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാന്‍. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന നടനമാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല. എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം. അമ്മയെന്ന സംഘടനയ്ക്ക് ഒരു ലക്ഷ്യമുണ്ട്. ഒരുമിച്ച് നടന്ന് പോകുന്നവർ,കാലിടറി വീഴുമ്പോള്‍ അവരെ ചേർത്ത് നിർത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത്. ചെറുപ്പക്കാർ പൊതുവെ സെല്‍ഫിഷാണ് അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്.'