തെലുങ്ക് നടന്‍ രാജ് തരുണിനെതിരേ ആരോപണവുമായി മുന്‍ പങ്കാളി രംഗത്ത്. താനുമായി ലിവിങ് ടുഗെദറില്‍ ആയിരുന്ന സമയത്ത് രാജ് തരുണ്‍ നടി മാൽവി മൽഹോത്രയുമായി സ്നേഹത്തിലായിരുന്നുവെന്നും തന്നെ വഞ്ചിക്കുകയായിരുന്നെന്നും ചൂണ്ടികാട്ടി ലാവണ്യ എന്ന യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഹൈദരാബാദിലെ നർസിംഗി പൊലീസ് സ്റ്റേഷനിലാണ്  ലാവണ്യ പരാതി നൽകിയിരിക്കുന്നത്.

പതിനൊന്നു വര്‍ഷമായി യുവതിയും താരവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍,രാജ് തരുണ്‍ യുവതിയുമായുള്ള ബന്ധം പരസ്യമാക്കാന്‍ തയാറായില്ല. യുവതിയുടെയും താരത്തിന്‍റെയും വിവാഹം അമ്പലത്തില്‍ വച്ച് രഹസ്യമായി നടന്നിട്ടുണ്ടെന്നും. നിയമപരമായി വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്ന് രാജ് ഉറപ്പുതന്നിരുന്നുവെന്നും യുവതി വ്യക്തമാക്കി. എന്നാല്‍ മുംബൈ സ്വദേശിയായ സഹനടിയുമായി ബന്ധം തുടങ്ങിയതോടെ തന്നെ ഒഴിവാക്കുകയാണ് ചെയ്തതെന്ന് ലാവണ്യ പരാതിയില്‍ ആരോപിക്കുന്നു.

മൂന്ന് മാസമായി രാജ് തരുൺ ഫ്ലാറ്റിലേക്കു വരാറില്ല. താൻ പരാതി നല്‍കും എന്ന് അറിയിച്ചതോടെ നടി മാൽവിയുമായി ബന്ധപ്പെട്ട വ്യക്തികൾ തന്നെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചെന്നും യുവതി പറഞ്ഞു. 

അതേ സമയം ലാവണ്യയുടെ പരാതിയില്‍ പ്രതികരണവുമായി രാജ് തരുണും രംഗത്തെത്തി. തനിക്കെതിരേയുള്ള ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും നിരാശാജനകമാണെന്നും താരം പറഞ്ഞു. ലാവണ്യ മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്നും അവളെ നിയന്ത്രിക്കാന്‍ തനിക്കായില്ലെന്നും തന്‍റെ പ്രശസ്തി കാരണമാണ് പൊലീസില്‍ പോകാതിരുന്നതെന്നും താരം വെളിപ്പെടുത്തി. 

അവൾ മറ്റൊരാളുമായി ഡേറ്റിങ് നടത്തുകയാണ്. അതിന് തെളിവുകളുണ്ട്. മാത്രമല്ല പല തവണയായി ചോദിക്കുന്ന പൈസയും നൽകിയിട്ടുണ്ട്, പകരം അവൾ എന്നെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. എന്‍റെ ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടതിന് ശേഷമാണ് അവൾ എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയത്. നേരത്തെ മയക്കുമരുന്ന് കേസിൽ ലാവണ്യ അറസ്റ്റിലായിരുന്നു. ഞാൻ എത്രയും വേഗം നിയമപരമായി മുന്നോട്ട് പോകുമെന്നും. എന്നെ പിന്തുണയ്ക്കാന്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Complaint aganist Raj Tarun Malvi Malhotra For Threatening Cheating Woman