samantha-liver-doc

TOPICS COVERED

വൈറൽ അണുബാധകളെ ചികിത്സിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്തയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡോക്​ടര്‍ സിറിയക് എബി ഫിലിപ്സ് രംഗത്തുവന്നത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സമാന്ത പ്രോത്സാഹിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലിവർ ഡോക്ടർ എന്നപേരിൽ പ്രശസ്തനായ ഇദ്ദേഹം സാമന്തയെ ജയിലില്‍ അടക്കണമെന്നും പറഞ്ഞിരുന്നു. ഇതിനുപിന്നാലെ സാമന്തയെ വിമര്‍ശിക്കുന്നതിനൊപ്പം ഡോക്​ടര്‍ സിറിയക്കിന്‍റെ കടുത്ത ഭാഷയെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തനിക്ക് ​ഫലംകണ്ട ചികിത്സാരീതിയാണ് പങ്കുവച്ചതെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ച ഡോക്ടറുടെ വാക്കുകൾ കടുത്തുപോയി എന്ന് സാമന്തയും പറഞ്ഞിരുന്നു. 

വിവാദം തുടരുന്നതിനിടെ തന്‍റെ കടുത്ത വാക്കുകള്‍ക്ക് സാമന്തയോട് ക്ഷമ ചോദിച്ചിരിക്കുകയാണ് ഡോക്​ടര്‍ സിറിയക്. സാമന്തയെ വിമര്‍ശിച്ചതിന് പിന്നാലെ അവരോട് ദയവോടെ പെരുമാറണം എന്ന് ആവശ്യപ്പെട്ട് ഒരുപാട് ആളുകള്‍ എനിക്ക് മെസേജ് അയച്ചുവെന്ന് പറഞ്ഞ സിറിയക് അവരുടെ ഡോക്​ടര്‍മാരെ ബിസിനസുകാരെന്ന് വിമര്‍ശിക്കുകയും ചെയ്​തു. ഡോക്ടർ മിത്ര ബസു ചില്ലർ, ഡോക്​ടര്‍ ജോക്കേഴ്സ് എന്നിവർ മെഡിക്കൽ പ്രാക്ടീസിലെ ഏറ്റവും മോശം ഉദാഹരണങ്ങളാണെന്നും അവരോട് തനിക്ക് സംവദിക്കേണ്ടതില്ലെന്നും പറഞ്ഞു.

 "വിശ്വസനീയമായ" ഉറവിടങ്ങളാണെന്ന് കരുതിയ ഈ രണ്ട് "ഡോക്ടർമാരെ" ഉദ്ധരിച്ചുകൊണ്ട്, ഒരു വസ്തുതാ പരിശോധനയും നടത്താതെ അവരുടെ അഭിപ്രായങ്ങളോ കാഴ്ചപ്പാടുകളോ തന്നെ പിന്തുടരുന്ന ദശലക്ഷക്കണക്കിന് ഫോളോവേഴ്​സിനോട് സാമന്ത പങ്കിട്ടു. സാമന്തയെ വിമര്‍ശിക്കുന്നതിനുപകരം അവരുടെ "ഡോക്ടർമാരോട്" സംവാദിക്കാനും പറഞ്ഞ് ചിലര്‍ തനിക്കെതിരെ ആഞ്ഞടിച്ചുവെന്നും സിറിയക് എക്​സില്‍ കുറിച്ചു. 

'സാമന്തയുടെ ആരോഗ്യ അവസ്ഥ ഞാന്‍ മനസിലാക്കുകയും അവര്‍ നല്ലതു വരട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. ഞാന്‍ പറഞ്ഞ രീതിയില്‍ ബുദ്ധിമുട്ടുണ്ടായെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു. അത് മനപ്പൂര്‍വ്വമായിരുന്നില്ല. സാമന്തയുടെ ദുര്‍ബലതയെ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുന്ന, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഡോക്​ടര്‍മാരില്‍ നിന്നും അകന്നുനില്‍ക്കണമെന്ന് പറയാനാണ് ഞാന്‍ ഉദ്ദേശിച്ചത്. 

വിട്ടുമാറാത്ത രോഗങ്ങളുള്ള രോഗികൾ സുരക്ഷിതരായിരിക്കാന്‍ തുടരുന്നതിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ രീതികൾ തുടരണമെന്ന് ഞാൻ ആത്മാർത്ഥമായി നിർദ്ദേശിക്കുന്നു,' സിറിയക് കുറിച്ചു. 

ENGLISH SUMMARY:

Dr. Cyriac Abby Philips apologizes to Samantha for his harsh words