mohanlal-devadoothan

മോഹൻലാലിന്‍റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ ‘ദേവദൂതൻ’ വീണ്ടും റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്‍റെ 4കെ പതിപ്പ് ട്രെയിലര്‍ മോഹന്‍ലാല്‍ പുറത്തിറക്കി.  സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മികച്ച 4കെ ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോൾ. അതൊരു പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്നാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. റി മാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്.

ഹൊററും മിസ്റ്ററിയും പ്രണയവും സം​ഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറായിരുന്നു ദേവദൂതൻ. രണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. മോഹൻലാൽ അവതരിപ്പിച്ച വിശാൽ കൃഷ്ണമൂർത്തി, ജയപ്രദയുടെ അലീന , വിനീത് കുമാറിന്റെ മഹേശ്വർ എന്നീ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിലുണ്ട്. ജ​ഗതി ശ്രീകുമാർ, ജനാർദനൻ, മുരളി, ശരത്, ജ​ഗദീഷ്, വിജയലക്ഷ്മി, ലെന, രാധിക, നിർമല തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളിൽ. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.