rahim-gouri

TOPICS COVERED

സൈബറാക്രമണം നേരിടുന്ന ഗായിക ഗൗരി ലക്ഷ്മിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  രാജ്യസഭാ എം.പിയും സിപിഎം നേതാവുമായ എ.എ.റഹീം. ഒരു സ്ത്രീ സ്വന്തം ദുരനുഭവങ്ങള്‍ പറയുമ്പോള്‍ തെറിവിളിക്കുന്ന കൂട്ടം അപകടരമാണ്  എന്നായിരുന്നു എ എറഹീമിന്‍റെ പ്രതികരണം.

‘ഒരു സ്ത്രീ തന്‍റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങളാണ് താൻ തന്‍റെ പാട്ടിലൂടെ പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്.

ഗായിക ഗൗരി ലക്ഷ്മി തന്‍റെ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ ‘മുറിവ്’ എന്ന തന്‍റെ പാട്ടിലൂടെ പാടിയതിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമാണ്. ഗൗരിക്ക് ഐക്യദാർഢ്യം..!’ എന്നാണ് എ.എ.റഹീം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഗൗരിയുടെ വൈറലായ പാട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

സ്റ്റേജ് പെര്‍ഫോമറായ ഗൗരി ലക്ഷ്മിയുടെ  ‘മുറിവ്’ എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് വ്യാപകമായി സൈബറാക്രമണം നടക്കുന്നത്. ‘എന്‍റെ പേര് പെണ്ണ്, എനിക്ക് വയസ്സ് എട്ട്, സൂചികുത്താന്‍ ഇടമില്ലാത്ത ബസില്‍ അന്ന് എന്‍റെ പൊക്കിള്‍ കൊടി തേടി വന്നവന്‍റെ പ്രായം 40’ എന്ന വരികള്‍ക്കാണ് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നത്. 

പെണ്‍ രാഷ്ട്രിയം പറയുന്നത് ഭൂരിപക്ഷത്തിന് താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ്  ചിലര്‍ക്ക് പാട്ട് ഇഷ്ടപ്പെടാത്തതെന്ന് ഗൗരി കഴിഞ്ഞദിവസം മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിലും യൂട്യൂബില്‍ പാട്ട് കേള്‍ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്നും ഗൗരി ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

AA Rahim expressed support for singer Gauri Lakshmi