അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് രാഷ്ട്രീയമില്ലെന്നും സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് താന്‍ യു.ഡി.എഫുകാരനായിരിക്കില്ലെന്നും നടന്‍ സിദ്ദിഖ്. അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തശേഷം ഇതാദ്യമായി മനോരമ ന്യൂസിനോട് നിലപാട് വ്യക്തമാക്കുകയായിരുന്നു സിദ്ദിഖ് . സംഘടനയില്‍നിന്ന് പുറത്തുപോയവരെ തിരിച്ചെത്തിക്കേണ്ട ബാധ്യത അമ്മയ്ക്കില്ലെന്നും വ്യക്തികളെക്കാള്‍ വലുതാണ് സംഘടനയെന്നും സിദ്ദിഖ് പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയ സിനിമ നിര്‍മാതാക്കളുടെ തീരുമാനത്തിന് അമ്മ ജനറല്‍ സെക്രട്ടറി പിന്തുണ പ്രഖ്യാപിച്ചു.
പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യുട്ടീവ് പൂര്‍ത്തിയായതിന് പിന്നാലെയാണ് സ്വന്തം രാഷ്ട്രീയം ഒളിച്ചുകടത്തുന്നവരല്ല സംഘടനയിലുള്ളതെന്ന് സിദ്ദിഖ് വ്യക്തമാക്കുന്നത്. സംഘടനയില്‍ നിന്നും പുറത്തുപോയവര്‍ ശത്രുക്കള്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീ സംവരണം ഏര്‍പ്പെടുത്തി അമ്മയുടെ ബൈലോ ഉടന്‍ ഭേദഗതി ചെയ്യും. തലമുറ മാറ്റം അനിവാര്യമാണെന്നും ചെറുപ്പക്കാരായവര്‍ ഭരണസമിതിയില്‍ വരണമെന്നാണ് നിലപാടെന്നും സിദ്ദിഖ് പറഞ്ഞു. ഒാണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ വേണമെന്ന സിനിമ നിര്‍മാതാക്കളുടെ തീരുമാനത്തെ അമ്മ പിന്തുണയ്ക്കുന്നുവെന്നും സഹപ്രവര്‍ത്തകയായ നടിക്ക് അഭിമുഖത്തിനിടെ അപമാനകരമായ ചോദ്യം നേരിടേണ്ടി വന്നത് ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി.