പാലക്കാട് നല്ലേപ്പിള്ളി യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ അധ്യാപകരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. ഡിവൈഎഫ്ഐയും, യൂത്ത് കോൺഗ്രസും സൗഹൃദ കാരൾ സംഘടിപ്പിച്ചാണ് ഐക്യദാര്‍ഢ്യം അറിയിച്ചത്.. വർഗീയ നിലപാട് എടുക്കുന്നതിന്‍റെ ദുരന്തം ക്രൈസ്തവ സഭ മനസിലാക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനും അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായവരെ രക്ഷിക്കാനാണ് ബി.ജെ.പി നേതൃത്വം ശ്രമിച്ചതെന്ന് സന്ദീപ് വാരിയരും പറഞ്ഞു.
സ്കൂൾ കവാടത്തിൽ നിന്നും മാട്ടുമന്തയിലേക്ക് ഡിവൈഎഫ്ഐയും, മാട്ടുമന്തയിൽ നിന്നും സ്കൂളിലേക്ക് യൂത്ത് കോൺഗ്രസും സൗഹൃദ കാരൾ സംഘടിപ്പിച്ചു. ഇരുവശത്തു നിന്നുമെത്തിയ സൗഹൃദ കാരളിൽ മധുരം നൽകി പരസ്പരം സ്നേഹം പങ്കിട്ട് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും. Also Read: ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയം: സന്ദീപ് വാരിയര്‍...
നല്ലേപ്പിള്ളിയിലെ അധ്യാപകർക്ക് ഒട്ടേറെപേരാണ് പിന്തുണ അറിയിച്ചത്. ക്രിസ്മസ് ആഘോഷം തടഞ്ഞത് വർഗീയ സമീപനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി യുടെ ക്രൈസ്തവ സ്നേഹം അഭിനയമെന്നതിന്‍റെ തെളിവെന്ന് സന്ദീപ് വാരിയർ പറഞ്ഞു. ബിജെപി പ്രവർത്തകർ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരനും പ്രതികരിച്ചു. ആഘോഷങ്ങളിൽ വേർതിരിവില്ലെന്ന സന്ദേശവുമായി ശബരിമല തീർഥാടകരും, വാഹന യാത്രികരും സൗഹൃദ കാരൾ സംഘടിപ്പിച്ചവരിൽ നിന്നും മധുരവും സ്വീകരിച്ച് തുടർ യാത്ര.