മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ലുക്കും വസ്ത്രങ്ങളുമെല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് കൗതുകമാണ്. ഇതിന്‍റെ പ്രധാന കാരണം താരം തന്‍റെ ലുക്കില്‍ കൊണ്ടുവരുന്ന മാറ്റങ്ങളാണ്. 72കാരന്‍ യുവാക്കളെ പോലും ഹരം കൊള്ളിക്കുന്ന തരത്തിലാണ് വേഷപകര്‍ച്ച നടത്താറ്. ഇപ്പോഴും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കാറ്.
ഇത്തരത്തില്‍ താരം പങ്കുവെച്ച പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. താരത്തിന്‍റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. വിൻ്റേജ് ബെൽ ജീൻസും കൂളിംഗ് ഗ്ലാസും ഇട്ടാണ് താരം എത്തിയത്. യുവതാരങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെങ്കിലും കൂട്ടത്തില്‍ ചുള്ളന്‍ മമ്മൂക്കയാണെന്നാണ് കമന്‍റുകള്‍.
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടര്‍ബോ റിലീസ് ചെയ്ത ശേഷം കുടുംബസമേതം ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു മമ്മൂട്ടി. ഒരു മാസത്തിലേറെയായി സിനിമ തിരക്കുകളില്‍ നിന്ന് വിട്ടുനിന്ന താരം കേരളത്തില്‍ തിരിച്ചെത്തിയ ശേഷം ആദ്യം ജോയിന്‍ ചെയ്യുന്ന ചിത്രമാണ് ഇത്.
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ഇത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയായിരിക്കും ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയില്‍ ഗൗതം മേനോന്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.