തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ പ്രതികരിച്ച് നടന്‍ സലിംകുമാര്‍. സുരേഷ് ഗോപി സഹോദരതുല്യനാണെന്നും പ്രസ്തുത പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞ സലിംകുമാര്‍ വ്യാജ പോസ്റ്റിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇത്തരം വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളില്‍ ദയവുചെയ്ത് തന്നെ ഉള്‍പ്പെടുത്തരുതെന്നും സലിംകുമാര്‍ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ നടന്‍ സലിംകുമാർ എന്ന അടിക്കുറിപ്പോടെയാണ് വ്യാജ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
'എനിക്ക് സഹോദരതുല്യനായ സുരേഷ് ഗോപിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുളള വ്യാജ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധവുമില്ല. മീമുകളടക്കം പല കാര്യങ്ങൾക്കും എന്റെ ചിത്രങ്ങൾ ട്രോളന്മാർ ഉപയോഗിക്കാറുണ്ട്. അതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാൽ ഇത്തരത്തിൽ മറ്റൊരാളെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ എന്നെ ഉൾപ്പെടുത്തരുതെന്ന് താഴ്മയായി അപേക്ഷിക്കുകയാണ്' എന്നായിരുന്നു സലിംകുമാറിന്‍റെ പ്രിതികരണം.
പ്രചരിക്കുന്നത് വ്യാജ പോസ്റ്റാണെന്ന് വ്യക്തമാക്കുന്ന ചിത്രം സലിംകുമാര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. സംഭവത്തില്‍ വടക്കേക്കര പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും ചിത്രം വ്യക്തമാക്കുന്നു. അതേസമയം തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സമയത്ത് സലിംകുമാര്‍ പങ്കുവച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. 'രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ..' എന്നാണ് സുരേഷ് ഗോപിയുടെ ചിത്രം പങ്കുവച്ച് സലിം കുമാര്‍ കുറിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെ സലിംകുമാര്‍ എന്ന അടിക്കുറിപ്പോടെ വ്യാജ പോസ്റ്റ് പ്രചരിച്ചത്.