ബോളിവുഡ് താരം അക്ഷയ് കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ താരത്തിന് ഇന്ന് നടക്കുന്ന രണ്ട് പ്രധാനപ്പെട്ട പരിപാടികളാണ് നഷ്ടമായത്. മാസങ്ങള്‍ നീണ്ട ആഘോഷത്തിനൊടുവില്‍ ഇന്ന് നടക്കുന്ന അനന്ത് അംബാനി– രാധിക മെര്‍ച്ചന്‍റ് വിവാഹത്തിന് അക്ഷയ്ക്ക് പങ്കെടുക്കാനാവില്ല. മാത്രവുമല്ല ഇന്ന് റിലീസ് ചെയ്യുന്ന താരത്തിന്‍റെ ചിത്രമായ സര്‍ഫീരയുടെ അവസാനവട്ട പ്രമോഷന്‍ പരിപാടികളിലും അക്ഷയ്ക്ക് പങ്കെടുക്കാനാവില്ല.
സര്‍ഫീരയിലെ അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അക്ഷയ് കുമാറിനും പോസിറ്റീവ് ആയത്. സുധ കൊങ്കാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം സൂരറൈ പോട്രിന്‍റെ ഹിന്ദി റീമേക്കാണ് സര്‍ഫീര. 2021ലാണ് താരത്തിന് ആദ്യമായി കോവിഡ് പോസ്റ്റീവ് ആയത്. 2022ല്‍ വീണ്ടും അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായിരുന്നു.
ഈ വര്‍ഷം നടന്ന അംബാനി കല്യാണത്തിന്‍റെ പ്രി വെഡ്ഡിങ് സെറിമണിയില്‍ അക്ഷയ് നടത്തിയ പവര്‍ പാക്ക്ഡ് ഡാന്‍സ് ശ്രദ്ധ നേടിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന് മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കും. നാളെ ശുഭ് ആശിർവാദ് ദിനത്തിലെ വിരുന്നിൽ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. എല്ലാ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. നാളെ മുംബൈയിൽ വിവിധ പരിപാടികൾക്കായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തേക്കും. മറ്റന്നാൾ മംഗൾ ഉത്സവ് ദിനത്തിൽ ബോളിവുഡ് താരനിര അണിനിരക്കും.