Image: instagram.com/jasonshah/?hl=en

അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രകടനമാണ് ഹീരാമാണ്ഡിയില്‍ ജാസന്‍ ഷാ കാഴ്ച വച്ചത്. അതിക്രൂരനായ ബ്രിട്ടിഷ് പൊലീസ് ഓഫിസറായ അലസ്റ്റെയ്ര്‍ കാര്‍ട്ട്​റൈറ്റായി ജാസന്‍ ജീവിക്കുകയായിരുന്നു. താന്‍ മുന്‍പ് കടുത്ത ദുശ്ശീലങ്ങള്‍ക്ക് അടിമയായിരുന്നുവെന്ന് തുറന്ന് പറയുകയാണ് താരം. മദ്യം തന്‍റെ ജീവിത്തെ തുലച്ച് കളഞ്ഞ കാലമുണ്ടായിരുന്നുവെന്നും ലൈംഗികാസക്തിക്ക് അടിമയായിരുന്നുവെന്നും അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി. ദിവസം രണ്ടര പാക്കറ്റ് സിഗരറ്റാണ് വലിച്ചിരുന്നത്. 'സ്ത്രീകള്‍ എന്‍റെ ദൗര്‍ബല്യമായിരുന്നു. അതില്‍ നിന്ന് പുറത്തുകടക്കാനാകുമെന്ന് കരുതിയില്ലെന്നും താരം പറഞ്ഞു. 

മനീഷയുടെ മുഖത്തടിച്ചപ്പോള്‍ മൂക്കുത്തി തെറിച്ച് പോയി

താന്‍ ഇപ്പോള്‍ ആത്മീയ പാതയിലാണെന്നും ദൈവത്തിന്‍റെ കാരുണ്യം കൊണ്ട് മദ്യത്തില്‍ നിന്നും മറ്റ് ദുശ്ശീലങ്ങളില്‍ നിന്നെല്ലാം പുറത്ത് കടക്കാനായെന്നും ആ സ്നേഹം തന്‍റെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും  ജാസന്‍ വ്യക്തമാക്കി.

'പലതിനോടും നോ പറയാന്‍ സാധിച്ചിരുന്നില്ല. നിനക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യൂ, ജീവിതം ആസ്വദിക്കൂവെന്നാണ് പലരും പറഞ്ഞത്. എനിക്കിപ്പോള്‍ തോന്നുന്നത് നിങ്ങള്‍ ഒരാള്‍ക്ക് നല്‍കുന്ന ഏറ്റവും മോശം ഉപദേശമാണത്. നല്ലതാണെന്ന് അന്ന് തോന്നി തിടുക്കത്തില്‍ ചെയ്തതെല്ലാം പിഴച്ചു. ജീവിതത്തിലെ ഏറ്റവും മോശം തീരുമാനങ്ങളായിരുന്നു അത്. അതുകൊണ്ട് നല്ലതാണെന്ന് നിങ്ങള്‍ക്ക് തോന്നുന്ന അത്തരം കാര്യങ്ങളിലേക്ക് എടുത്ത് ചാടുന്നതിന് മുന്‍പ് നന്നായി ആലോചിക്കണം'. ഇന്ന് താന്‍ സമാധാനത്തിലും സന്തോഷത്തിലുമാണ് കഴിയുന്നതെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുന്നുവെന്നും താരം പറഞ്ഞു. 

ഹീരാമാണ്ഡിയിലെ തന്‍റെ കഥാപാത്രത്തിനായി വളരെയേറെ തയ്യാറെടുപ്പുകള്‍ വേണ്ടി വന്നിരുന്നുവെന്നും മനീഷയുടെ മല്ലികാജാന്‍റെ മുഖത്തടിക്കുന്ന രംഗം ചെയ്യാന്‍ വളരെ പ്രയാസപ്പെട്ടുവെന്നും ജാസന്‍ പറഞ്ഞു. 'ശക്തിയില്‍ അടിക്കൂ'വെന്നായിരുന്നു മാസ്റ്ററുടെ നിര്‍ദേശം. അയ്യോ അങ്ങനെ അടിച്ചാല്‍ അവര്‍ക്ക് വേദനിക്കും. പിന്നെന്ത് ചെയ്യുമെന്നായിരുന്നു എന്‍റെ ആശങ്ക. ഒടുവില്‍ അടിച്ചപ്പോളാവട്ടെ മൂക്കുത്തി തെറിച്ച് പോയെന്നും ജാസന്‍ വെളിപ്പെടുത്തി. ഒടിടിയില്‍ തരംഗമായി മാറിയ ഹീരാമാണ്ഡിയുടെ രണ്ടാം സീസണ്‍ അണിയറയിലാണിപ്പോള്‍. 

ENGLISH SUMMARY:

'I was addicted to women. It was a sex addiction which was very difficult for me' - reveals actor Jason Shah