മദ്യപാനത്തിന്‍റെ കാര്യത്തില്‍ സിപിഐ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. ‘മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയം. പക്ഷേ പ്രവര്‍ത്തകര്‍ മദ്യപിക്കരുതെന്ന് പറയുന്നില്ല. മദ്യപിച്ച് നാലുകാലില്‍ നടന്ന് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കരുതെന്നുമാത്രം’ – ബിനോയ് വിശ്വം നയം വ്യക്തമാക്കി. മദ്യപിക്കേണ്ടവര്‍ക്ക് വീട്ടിലിരുന്ന് മദ്യപിക്കാം. കള്ളുകുടിക്കാന്‍ വേണ്ടി മോശം കൂട്ടുകെട്ടുകളില്‍ പെടാന്‍ പാടില്ല. പ്രമാണിമാരുടെ കയ്യില്‍ നിന്ന് പണം വാങ്ങി കള്ളുകുടിക്കുന്ന ഏര്‍പ്പാടും വേണ്ടെന്ന് ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞു.
പാര്‍ട്ടി നേരത്തേ നടപ്പാക്കിയ രേഖ പുറത്തുവരികയും ചര്‍ച്ചയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംസ്ഥാനസെക്രട്ടറിയുടെ വിശദീകരണം. രേഖയിലെ നിലപാട് ഇതാണ്: ‘മദ്യപാനം ഒരു ശീലമാക്കുകയോ പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച നിലയില്‍ പങ്കെടുത്ത് പാര്‍ട്ടിയുടെ യശസിന് കളങ്കമുണ്ടാക്കുകയോ ചെയ്യരുത്. മദ്യവര്‍ജനമാണ് നമ്മുടെ നയം. സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന സദാചാര മൂല്യങ്ങള്‍ പരിരക്ഷിക്കുകയും തന്‍റെ വ്യക്തിജീവിതത്തില്‍ക്കൂടി മറ്റുള്ളവര്‍ക്ക് മാതൃകയാകുകയും വേണം. പൊതുവില്‍ ബഹുജനങ്ങളുടെ ഇടയില്‍ ബഹുമാനവും വിശ്വാസവും വളര്‍ത്തുന്ന നിലയിലുള്ളതായിരിക്കണം സഖാക്കളുടെ പെരുമാറ്റം.’