mammootty-fan

കുട്ടിയാരാധകന് പിറന്നാള്‍ സമ്മാനവുമായെത്തി നടന്‍ മമ്മൂട്ടി. സിനിമ ലൊക്കേഷനില്‍ തന്നെ കാണാന്‍ സ്ഥിരമായി എത്തിയിരുന്ന ഒരു കുട്ടി ആരാധകനാണ് സര്‍പ്രൈസ് ആയി മമ്മൂട്ടി പിറന്നാള്‍ സമ്മാനം നല്‍കിയത്. മഹാദേവ് എന്നാണ് കുട്ടി ആരാധകന്‍റെ പേര്. മമ്മൂട്ടി മഹാദേവിന് സമ്മാനം നല്‍കുന്നതും ഇരുവരും ഒന്നിച്ച് ചിത്രങ്ങളെടുക്കുന്നതും സന്തോഷത്തോടെ വീട്ടിലെത്തുന്ന മഹാദേവ് സമ്മാനപ്പൊതി തുറക്കുന്നതടക്കമുളള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിന്‍റെ തൊട്ടടുത്താണ് മഹാദേവും താമസിക്കുന്നത്. ചിത്രത്തിന്‍റെ പൂജ മുതല്‍ ലൊക്കേഷനിലെ സ്ഥിരം സന്ദര്‍ശകനാണ് മഹാദേവ്. കഴിഞ്ഞ ദിവസം മഹാദേവിന്‍റെ പിറന്നാളായിരുന്നു. ഇതറിഞ്ഞ മമ്മൂട്ടി മഹാദേവിനെ കാണാനെത്തുകയും സമ്മാനം കൈമാറുകയും ഒന്നിച്ച് നിന്ന് ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.

താന്‍ ആരാധിക്കുന്ന മമ്മൂട്ടി തനിക്ക് സമ്മാനവുമായെത്തിയ സന്തോഷത്തില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന മഹാദേവിനെ വിഡിയോയില്‍ കാണാം. മമ്മൂട്ടിയുമായി ചിത്രങ്ങളെടുത്ത ശേഷം ഓടി സ്വന്തം ഫ്ലാറ്റിലെത്തിയ മഹാദേവ് വളരെ ആകാംക്ഷയോടെ സമ്മാനപ്പൊതി തുറന്നുനോക്കുന്നതും അതിലെ ടോയ് കാറ് കണ്ട് തുളളിച്ചാടുന്നതുമാണ് വിഡിയോയിലുളളത്. വിഡിയോ മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മഹാദേവ് ഭാഗ്യവാനാണെന്ന് ആരാധകരില്‍ ചിലര്‍ കമന്‍റുമായെത്തിയപ്പോള്‍ മമ്മൂട്ടി തലമുറകളുടെ നായകനാണെന്നായിരുന്നു മറ്റുചിലര്‍ അഭിപ്രായപ്പെട്ടത്.

അതേസമയം ഗൗതം വാസുദേവ് മേനോന്‍ ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രം കൂടിയാണിത്. വാരണം ആയിരം, മിന്നലേ, വിണ്ണെ താണ്ടി വരുവായ, ധ്രുവനച്ചത്തിരം, എന്നൈ അറിന്താല്‍ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ ഗൗതം വാസുദേവ് മേനോന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണ് അണിയറില്‍ ഒരുങ്ങുന്നത്. 

ENGLISH SUMMARY:

Actor Mammooty gave surprise gift to little fan