akshay-kumar

ബോക്സ് ഓഫീസില്‍ കാര്യമായ ചലിക്കാതെ കുഴയുകയാണ് അക്ഷയ് കുമാര്‍ ചിത്രം സര്‍ഫിറാ. സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്കാണ് സര്‍ഫിറാ. കോവിഡ് പ്രതിസന്ധി മൂലം തിയേറ്ററില്‍ റിലീസ് ചെയ്യാനാകാതെ പോയ സൂരറൈ പോട്ര് ഒടിടി വഴിയാണ് പുറത്തിറക്കിയത്. വലിയ പ്രേക്ഷകസ്വീകാര്യതയാണ് ചിത്രം നേടിയത്. എന്നാല്‍ ജൂലൈ 12 ന് റിലീസ് ചെയ്ത അക്ഷയ് കുമാര്‍ ചിത്രം സര്‍ഫിറായ്ക്ക് തണുപ്പന്‍ പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുധാ കൊങ്കര തന്നെയാണ് സര്‍ഫിറാ സംവിധാനം ചെയ്തിരിക്കുന്നത്. 

ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാത്ത സാഹചര്യത്തിലാണ് പുത്തന്‍ ഐഡിയയുമായി നിര്‍മാതാക്കളെത്തിയത്.  സര്‍ഫിറയ്ക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് പ്രമുഖ മള്‍ട്ടിപ്ലക്സ് ശൃംഖല ഇനോക്സ് പ്രഖ്യാപിച്ച ഓഫറാണ് ഇപ്പോള്‍ ചര്‍ച്ച. തിയേറ്ററില്‍ സിനിമ കാണാൻ പോകുന്നവർക്ക് ഒരു ചായയും രണ്ട് സമൂസയും സൗജന്യമായി ലഭിക്കും. ഓഫർ ഇത് മാത്രമല്ല.  സര്‍ഫിറയുടെ ഒരു ലഗേജ് ടാഗും ഫ്രീയായി ലഭിക്കും. ബോക്‌സ് ഓഫീസിൽ സർഫിറയുടെ മോശം പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കാള്‍ പറയുന്നത്.

റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് വെറും 2 കോടി 40 ലക്ഷമാണ് ചിത്രം നേടിയത്. കരിയറില്‍ നിരവധി ഉയര്‍ച്ച താഴ്ച്ചകള്‍ അക്ഷയ് കുമാര്‍ നേരിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ 15 വര്‍ഷത്തെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ് ആണ് സര്‍ഫിറയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍.  തന്‍റെ സിനിമകൾ പരാജയപ്പെടുന്ന സമയത്ത് ബോളിവുഡിലെ ചിലർ അത് ആഘോഷിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി താരം രംഗത്തു വരികയും ചെയ്തിരുന്നു.

അതേസമയം സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക അക്ഷയ് കുമാര്‍ ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. രാം സേതു, ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്,, സെല്‍ഫി, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ യാതൊരുവിധ ചലനവും സൃഷ്ടിച്ചില്ല. ഓ മൈ ഗോഡ് എന്ന അമിത് റായ് ചിത്രം മാത്രമാണ് ബോക്സ് ഓഫീസില്‍ വിജയിക്കുകയും നല്ല അഭിപ്രായം നേടുകയും ചെയ്തത്.

ENGLISH SUMMARY:

Free samosas and tea for those who come to watch Akshay Kumar movie Sarfira