nayanthara

ആസിഫ് അലി–രമേശ് നാരായണന്‍ വിവാദങ്ങള്‍ ഏതാണ്ട് കെട്ടടങ്ങി. ആസിഫ് അലി തന്നെ ഇന്നലെ പത്രസമ്മേളനം വിളിച്ച് വിവാദങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. എങ്കിലും ഈ  അവാര്‍ഡ് വിവാദത്തിനിടെ പൊങ്ങിവന്ന മറ്റൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അല്ലു അര്‍ജുനും നയന്‍താരയും തമ്മിലുള്ള ഒരു അവാര്‍ഡ് വിവാദമാണ് ഇപ്പോള്‍ വീണ്ടും  തലക്കെട്ടുകളാകുന്നത്. മികച്ച നടിക്കുള്ള പുരസ്കാരം അല്ലുഅര്‍ജുനില്‍ നിന്നും വാങ്ങിയ ശേഷം തനിക്കീ അവാര്‍ഡ് വാങ്ങിക്കണമെന്ന് ആഗ്രഹമുള്ളത് വിഘ്നേശ് ശിവനില്‍ നിന്നുമാണെന്ന് പറഞ്ഞ് ,നയന്‍താര അവാര്‍ഡ് വിഘ്നേശില്‍ നിന്നും സ്വീകരിക്കുന്ന വിഡിയോ ആണ് വീണ്ടും വൈറലാകുന്നത്.  

ഒരാള്‍ നല്‍കിയ അവാര്‍ഡ് മറ്റൊരാളില്‍ നിന്നും ആവശ്യപ്പെട്ട് സ്വീകരിക്കുന്നത് ആ വ്യക്തിയെ അപമാനിക്കുന്നതിനു തുല്യമാണെന്ന കാര്യത്തില്‍ സംശയമില്ല. സമാനസംഭവമാണ് ഇവിടെ നടന്നത്. സംഘാടകര്‍ തീരുമാനിച്ച ആളില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാനുള്ള ബുദ്ധിമുട്ടും പരസ്യമായി അത് പറയുന്നതുമാണ് ഈ വിഡിയോയിലും കാണാനാവുക. 

2016ലെ സൈമ അവാർഡ് വേദിയിൽ നയൻതാര അല്ലു അർജുനിൽ നിന്നു പുരസ്‌കാരം സ്വീകരിക്കാൻ വിസമ്മതിക്കുന്നതിന്റെ പഴയ വീഡിയോ ആണിത്. ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിനു മികച്ച നടിക്കുള്ള അവാർഡ്  ലഭിച്ചത്.  അല്ലു അർജുനിൽ നിന്ന് തനിക്ക് ലഭിച്ച അവാർഡ് തിരികെ നൽകുകയും സിനിമയുടെ സംവിധായകനും ഭാവി ഭർത്താവുമായ വിഘ്‌നേശ് ശിവനിൽ നിന്ന് അവാർഡ് സ്വീകരിക്കുകയുമായിരുന്നു. തന്റെ കഴിവില്‍ വിശ്വസിച്ചാണ് വിഘ്നേശ് ഈ കഥാപാത്രം തനിക്ക് നല്‍കിയതെന്നും ഈ അവാര്‍ഡ് യഥാര്‍ത്ഥത്തില്‍ വിക്കിയില്‍ നിന്നും സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറയുന്നു നയന്‍താര.

സംഘാടകര്‍ ഉടന്‍ തന്നെ വിഘ്നേശിനെ സ്റ്റേജിലേക്ക് ക്ഷണിക്കുകയും നയന്‍താര തനിക്ക് അല്ലുഅര്‍ജുന്‍ നല്‍കിയ അവാര്‍ഡ് വിഘ്നേശിനെ ഏല്‍പ്പിച്ച് വീണ്ടും സ്വീകരിക്കുകയുമായിരുന്നു. ഈ  സംഭവമാണ് ആസിഫ് അലി–രമേശ് നാരായണന്‍ വിവാദത്തിനിടെ സോഷ്യല്‍മീഡിയയിലൂടെ തരംഗമാകുന്നത്.