nayanthara-cyberattack

ധനുഷിനെതിരായ തുറന്ന കത്തിന് പിന്നാലെ നയന്‍താരയ്ക്ക് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ധനുഷിനെ ന്യായീകരിച്ച് ഹാഷ് ടാഗുകള്‍ സൈബറിടത്ത് കറങ്ങുകയാണ്. നയന്‍താരയുടെ ആരോപണങ്ങളില്‍ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

ഇന്നലെയാണ് ധനുഷിനെതിരായ രൂക്ഷവിമര്‍ശനവുമായി നയന്‍താര മൂന്ന് പേജുള്ള കത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണമാണ് നയന്‍സിനെതിരെ നടക്കുന്നത്. ഐ സ്റ്റാന്‍ഡ്  വിത്ത് ധനുഷ്, ക്യാരക്ടര്‍ലെസ് ലേഡി നയന്‍താര തുടങ്ങിയ ഹാഷ് ടാഗുകളിലൂടെ പോസ്റ്റുകള്‍ നിറയുകയാണ്. എന്നാല്‍ ആരോപണങ്ങളില്‍ ഇതുവരെ ധനുഷ് പ്രതികരിച്ചിട്ടില്ല.  ധനുഷ് വിശദമായി പ്രതികരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇന്നലെ  പറഞ്ഞത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ധനുഷ് വിദേശത്താണെന്നാണ് വിവരം. നയന്‍താരയെ കുറിച്ചുള്ള നയന്‍താര ബിയണ്‍ഡ് ദ് ഫെയറി ടെയില്‍ എന്ന നെറ്റ് ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് താരപ്പോര്. 

ഡോക്യുമെന്‍ററിക്കായി നയന്‍താര നായികയും ഭര്‍ത്താവ് വിഘ്നേഷ് സംവിധായകനുമായ നാനും റൗഡി താന്‍ ചിത്രത്തിന്റെ ദൃശ്യങ്ങള്‍ നടി നിര്‍മാതാവായ ധനുഷിനോട് ചോദിച്ചിരുന്നു. എന്നാല്‍ ധനുഷ് ഇത് നല്‍കിയിരുന്നില്ല. ചിത്രത്തിന്റെ മൂന്ന് സെക്കന്‍ഡ് മാത്രമുള്ള അണിയറ ദൃശ്യം ഉള്‍പ്പെടുത്തിയത് 10 കോടി ആവശ്യപ്പെട്ട് ധനുഷ് വക്കീല്‍ നോട്ടിസ് അയച്ചു. ഇതോടെയാണ് നയന്‍താരയുടെ കത്ത് എത്തിയത്.  തന്നോടും ഭര്‍ത്താവിനോടും ധനുഷിന് പകയാണെന്നും അദ്ദേഹത്തിന് മറ്റൊരു മുഖം ഉണ്ടെന്നും നയന്‍താര വിമര്‍ശിച്ചു. മറ്റുള്ളവരുടെ ദുരിതങ്ങളില്‍ സന്തോഷം കണ്ടെത്തുന്നയാളാണ് ധനുഷെന്നും കുറ്റപ്പെടുത്തി. നാളെയാണ് ഡോക്യുമെന്‍ററി റിലീസ് തീരുമാനിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Violent cyber attack against Nayanthara after open letter against Dhanush. Dhanush has not yet responded to Nayanthara's allegations