മലയാളികളുടെ എക്കാലത്തെയും ഇഷ്ടചിത്രങ്ങളില്‍ മുന്നിലാണ് ദിലീപ് നായകനായെത്തിയ ലാല്‍ ജോസ് ചിത്രം 'മീശമാധവന്‍'. ചേക്കിലെ മാധവന്‍ എന്ന കളളന്‍റെയും ഭഗീരഥന്‍ പിളള എന്ന പ്രമാണിയുടെയും രസകരമായ വൈരാഗ്യവും മാധവന്‍റെ പ്രണയവുമെല്ലാം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ ഭഗീരഥന്‍ പിളള എന്ന പിളേളച്ചനായെത്തിയത് മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാറാണ്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ ജഗതിയ്ക്ക് മുന്‍പേ ഭഗീരഥന്‍ പിളളയാകാന്‍ തീരുമാനിച്ചിരുന്നത് മറ്റൊരു നടനെ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ്.
ഭഗീരഥൻ പിള്ള എന്ന പിള്ളേച്ചനായി ആദ്യം പരിഗണിച്ചിരുന്നത് നടന്‍ നെടുമുടി വേണുവിനെയായിരുന്നുവെന്നാണ് തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ് പറയുന്നത്. 'ഒരു മറവത്തൂര്‍ കനവെ'ന്ന ലാല്‍ ജോസ് ചിത്രത്തില്‍ പളനിച്ചാമി എന്ന കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിച്ചിരുന്നു. ഈ പളനിച്ചാമി എന്ന കഥാപാത്രത്തിന്‍റെ ആവര്‍ത്തനമാകുമോ ഭഗീരഥന്‍ പിളള എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ആ വേഷത്തിലേക്ക് ജഗതി ശ്രീകുമാര്‍ എത്തുന്നതെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മീശമാധവനെക്കുറിച്ചും ചിത്രത്തിലെ കാസ്റ്റിങിനെ കുറിച്ചും രഞ്ജൻ പ്രമോദ് പരാമര്‍ശിച്ചത്.
'ഭഗീരഥന്‍ പിളള എന്ന കഥാപാത്രത്തിലേക്ക് വേണുച്ചേട്ടനെയാണ് ആദ്യം ആലോചിച്ചിരുന്നത്. പിന്നീട് എന്ത് സംഭവിച്ചു എന്ന് വച്ചാല്‍ ലാല്‍ ജോസിന്‍റെ തൊട്ടുമുന്‍പത്തെ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തില്‍ വേണുച്ചേട്ടന്‍ വന്നതുകൊണ്ട് ആ ചിത്രം പോലെ തന്നെയാകുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. ഫൈനല്‍ എന്താകുമെന്ന് അപ്പോള്‍ അറിയില്ലല്ലോ? അതേപോലെ ഒരു റിപ്പിറ്റേഷന്‍ ഫീല്‍ വരാതിരിക്കാനാണ് വേണുച്ചേട്ടന് പകരം അമ്പിളിച്ചേട്ടനെ തീരുമാനിക്കുന്നത്. അത്തരത്തിലുളള ചിലമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മീശമാധവന്‍ എന്ന ചിത്രത്തിലേക്കുളള എല്ലാ കഥാപാത്രങ്ങളും ആദ്യമേ മുൻകൂട്ടി തീരുമാനിച്ചത് തന്നെയാണ്. കാരണം അതില്‍ അഭിനയിക്കുന്ന ആളുകള്‍ ആരൊക്കെയാണെന്ന് നമുക്ക് നേരത്തേ അറിയാമായിരുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.