വയനാട് ഉരുള്‍പൊട്ടലിന്‍റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ തുടരുകയാണ്. നിരവധിയാളുകളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നത്. ഇപ്പോഴിതാ, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിച്ച് നിരവധി താരങ്ങളാണ് കടന്നുവരുന്നത്. 

സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നതെന്നും ദുരന്തനിവാരണത്തിനായി നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണെന്നും സംവിധായകനും നടനുമായ ബേസില്‍ ജോസഫ് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. 

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാവശ്യമായ ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സും മറ്റ് വിവരങ്ങളും ബേസില്‍ വിഡിയോയ്ക്കൊപ്പം ചേര്‍ത്തിരുന്നു. വിഡിയോ വന്നതിനു പിന്നാലെ നിരവധിയാളുകളാണ് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. ബേസിലിനെ കൂടാതെ, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് നടൻ ആന്‍റണി വർ​ഗീസും പോസ്റ്റ് ഇട്ടിരുന്നു. 'സ്റ്റാന്‍ഡ് വിത്ത് വയനാട്' എന്ന പോസ്റ്റര്‍ ആണ് ആന്‍റണി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. 

ഇരുവരെയും കൂടാതെ, മമ്മൂട്ടി, ദുല്‍ഖര്‍, സൂര്യ, കാര്‍ത്തിക്, ജ്യോതിക, രശ്മിക തുടങ്ങി നിരവധി താരങ്ങള്‍ ധനസഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.