വയനാട് ഉരുൾപ്പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിന് കൈത്താങ്ങായി തമിഴ് താരങ്ങള്‍. സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. തെന്നിന്ത്യൻ താരം രശ്‌മിക മന്ദാന പത്ത് ലക്ഷം രൂപയും നൽകിയിട്ടുണ്ട്. ഇവരുടെ മാനേജേഴ്സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നിരവധി ആളുകളാണ് സഹായവുമായി ദുരന്ത ഭൂമിയിലെത്തുന്നത്. ഉരുൾപൊട്ടലിൽ സർവതും തകർത്തെറിയപ്പെട്ട വയനാട്ടിലേക്ക് അഞ്ച് കോടി രൂപ വീതം നല്‍കി പ്രമുഖ വ്യവസായികളായ എം.എ. യൂസഫലിയും രവി പിള്ളയും കല്ലാണ രാമനും അദാനിയും നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് തമിഴ് നടന്‍ ചിയാന്‍ വിക്രം സംഭാവന നല്‍കിയത്. തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു.
ആംബുലൻസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ സാധനങ്ങളുമായി മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായി സി.പി. സാലിയുടെ സി.പി ട്രസ്റ്റും വയനാട്ടിലേക്ക് എത്തി. തന്‍റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളുമായി കൊച്ചിസ്വദേശി നൗഷാദും, ക്യാപുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണവുമായി ഷെഫ് പിള്ളയും മേപ്പാടിയിലെത്തിയിരുന്നു.