പദവിയൊഴിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ നിര്‍ണായക നടപടിയുമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ക്യൂബയെ ഭീകരവാദ പട്ടികയിൽനിന്ന് ഒഴിവാക്കാനുളള ചരിത്രപരമായ നീക്കമാണ് ബൈഡന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഭീകരവാദ പട്ടികയിൽനിന്ന് ക്യൂബയെ ഒഴിവാക്കാൻ ജോ ബൈഡൻ തീരുമാനിച്ചതായി വൈറ്റ് ഹൗസും അറിയിച്ചു. 2021ലാണ് മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ക്യൂബയെ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയത്.
അമേരിക്ക പ്രഖ്യാപിച്ച ഭീകരവാദ പട്ടികയിൽ സിറിയ, ഉത്തര കൊറിയ, ഇറാന്‍ എന്നിവയ്‌ക്കൊപ്പമായിരുന്നു ക്യൂബയും. 2015ല്‍ അക്കാലത്തെ പ്രഡിഡന്‍റ് ബറാക് ഒബാമ ക്യുബയെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ നിക്കോളാസ് മഡുറോയെ പിന്തുണയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ക്യൂബയെ ട്രംപ് വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. കൂടാതെ ക്യൂബയിലേക്കുള്ള അമേരിക്കയുടെ സാമ്പത്തിക സഹായവും ആയുധ കയറ്റുമതിയും നിരോധിക്കുകയും ചെയ്തു.
ഈ തീരുമാനമാണ് തന്‍റെ ഭരണകാലയളവിന്‍റെ അവസാനഘട്ടത്തില്‍ ബൈഡന്‍ പൊളിച്ചെഴുതുന്നത്. കുറ്റവാളികളെ മോചിപ്പിക്കുന്നതിന്‍റെ ഭാഗമായി ക്യൂബയെ ഭീകരവാദ രാജ്യമായി കണക്കാക്കുന്നത് അവസാനിപ്പിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. ബൈഡന്‍റെ ഈ നടപടിയെ ക്യൂബ സ്വാഗതം ചെയ്തു. വിവിധ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ 553 തടവുകാരെ വിട്ടയയ്ക്കുമെന്നും ക്യൂബ അമേരിക്കയെ അറിയിച്ചു. അതേസമയം ട്രംപ് യുഎസ് പ്രസിഡന്‍റ് ആയി വീണ്ടും അധികാരമേല്‍ക്കുന്നതോടെ ബൈഡന്‍റെ നടപടിയില്‍ വീണ്ടും മാറ്റം വരുത്തുമോ എന്ന കാര്യം വ്യക്തമല്ല.