സൽമാൻ ഖാനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടനെ കൊല്ലാന്‍ ശ്രമിച്ച  ലോറൻസ് ബിഷ്‌ണോയി ആറ് പ്രതികള്‍ക്ക് 20 ലക്ഷം രൂപ കൊടുത്തതായാണ് റിപ്പോര്‍ട്ട്. മുംബൈ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജയിലിലായ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ആളാണെന്ന് കരുതപ്പെടുന്ന രോഹിത് ഗോദേരയിക്ക് എതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. താരത്തിന്‍റെ വീടിന് നേരെ വെടിവയ്ക്കുന്നതിനു മുന്‍പ് അന്‍മോല്‍ ബിഷ്ണോയ് ഷൂട്ടര്‍മാരായ വിക്കി ഗുപ്തയോടും സാഗര്‍ പാലിനോടും ഒമ്പത് മിനിറ്റ് നീണ്ട സംഭാഷണം നടത്തിയതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 

സല്‍മാന്‍ ഖാനെ ഭയപ്പെടുന്ന തരത്തില്‍ ഷൂട്ട് ചെയ്യാനാണ് ഷൂട്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നത്. ഏപ്രില്‍ 14നാണ് സല്‍മാൻ ഖാന് എതിരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളാണ് അറസ്റ്റിലായവര്‍. ഇവരെ കൂടാതെ, സല്‍മാന്‍ ഖാനെ നിരീക്ഷിക്കാനായി ബിഷ്ണോയി അധോലോക സംഘത്തിലെ എഴുപതോളം പേരെ എത്തിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വീട്ടിലേക്കുണ്ടായ വെടിവയ്‍പ്പില്‍ താരത്തിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. വെടിവയ്പ്പിന്‍റെ ശബ്ദം കേട്ടാണ് താന്‍ ഞെട്ടിയുണര്‍ന്നതെന്നായിരുന്നു സല്‍മാന്‍ ഖാന്‍റെ മൊഴി.