akshay-kumar

TOPICS COVERED

തുടര്‍ പരാജയങ്ങളില്‍ പ്രതികരണവുമായി അക്ഷയ് കുമാര്‍. സിനിമകള്‍ പരാജയപ്പെടുമ്പോള്‍ മരിച്ചതുപോലെയാണ് ആളുകള്‍ സന്ദേശം അയക്കുന്നതെന്നും താന്‍ അതിനെ പറ്റി ചിന്തിക്കാറില്ലെന്നും അക്ഷയ് പറഞ്ഞു. കഠിനാധ്വാനം ചെയ്യുന്നതിലാണ് തന്റെ ശ്രദ്ധയെന്നും ആളുകള്‍ എന്ത് പറഞ്ഞാലും ഞാന്‍ എപ്പോഴും പണിയെടുത്തുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമാണ് ഖേല്‍ ഖേല്‍ മേമിന്‍റെ ട്രെയ്​ലര്‍ ലോഞ്ചിലായിരുന്നു താരത്തിന്‍റെ പ്രതികരണം. 

'എന്തു തന്നെ സംഭവിച്ചാലും നല്ലതിന് വേണ്ടിയാണ്. പരാജയങ്ങളെക്കുറിച്ച് അധികം ചിന്തിക്കാറില്ല. എന്റെ നാലോ അഞ്ചോ സിനിമകള്‍ വിജയിച്ചില്ല. സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ചിലര്‍ സന്ദേശങ്ങള്‍ അയക്കും, പേടിക്കണ്ട സുഹൃത്തേ എന്നൊക്കെ പറഞ്ഞ്. ഞാന്‍ മരിച്ചിട്ടില്ല. മരിച്ച് കഴിഞ്ഞ് അയക്കുന്ന അനുശോചന സന്ദേശം പോലെയാണ് അവ തോന്നുക. ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ 'നിങ്ങള്‍ തിരിച്ചുവരും' എന്ന് എഴുതി. ഞാന്‍ അദ്ദേഹത്തെ വിളിച്ച് എന്തിനാണ് ഇത് എഴുതിയത് എന്ന് ചോദിച്ചു, 'ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്, ഞാന്‍ അതിന് എവിടെയാണ് പോയത്' എന്ന് ചോദിച്ചു. കഠിനാധ്വാനം ചെയ്യുന്നതിലാണ് തന്റെ ശ്രദ്ധ. ഞാന്‍ ഇവിടെയുണ്ട്. എന്റെ ജോലി തുടരും. ആളുകള്‍ എന്ത് പറഞ്ഞാലും ഞാന്‍ എപ്പോഴും പണിയെടുത്തുകൊണ്ടേയിരിക്കും. രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നു, ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങുന്നു, ഞാന്‍ ഞാന്‍ സമ്പാദിക്കുന്നു. ഞാന്‍ ആരില്‍ നിന്നും ഒന്നും പിടിച്ചുപറിക്കുന്നില്ല,' അക്ഷയ് കുമാര്‍ പറഞ്ഞു. 

മുദാസര്‍ അസീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഖേല്‍ ഖേല്‍ മേം 2016ല്‍ റിലീസ് ചെയ്​ത ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സിന്‍റെ ഔദ്യോഗിക റീമേക്ക് ആണ്. അമ്മി വിര്‍ക്, വാണി കപൂര്‍, തപ്സി പന്നു, ഫര്‍ദീന്‍ ഖാന്‍, പ്രഗ്യ ജയ്സ്‌വാൾ, ആദിത്യ സീൽ എന്നിവരാണ് ഖേല്‍ ഖേല്‍മേമില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ENGLISH SUMMARY:

Akshay Kumar reacts to continued failures