ടോം ആന്‍ഡ് ജെറി തമാശയല്ല, അക്രമമാണെന്ന് നടന്‍ അക്ഷയ് കുമാര്‍. താന്‍ അഭിനയിച്ച ഒരു ഹെലികോപ്റ്റര്‍ രംഗം മുഴുവനായും ടോം ആന്‍ഡ് ജെറിയില്‍ നിന്നും എടുത്തതാണെന്നും ഒരു അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞു. പുതിയ ചിത്രമായ ഖേല്‍ ഖേല്‍ മേമിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു അക്ഷയ്യുടെ പരാമര്‍ശങ്ങള്‍.
സഹതാരമായ ഫര്‍ദീന്‍ ഖാന്‍ തന്‍റെ ഇഷ്ട കോമഡി ഷോ എന്ന് പറഞ്ഞപ്പോഴാണ് ടോം ആന്റ് ജെറി തമാശയല്ല, അത് ആക്ഷനും അക്രമവുമാണ് എന്ന് അക്ഷയ് പറഞ്ഞത്. 'ഒരു രഹസ്യം കൂടി പറയാം. ഞാൻ അഭിനയിച്ച കുറേയേറെ ആക്ഷൻ രംഗങ്ങൾ ടോം ആന്റ് ജെറിയിൽ നിന്നും എടുത്തവയാണ്. അവരുടെ ആക്ഷൻ അവിശ്വസനീയമാണ്. ഞാന്‍ അഭിനയിച്ച ഒരു ഹെലികോപ്റ്റർ സീൻ മുഴുവൻ ടോം ആന്റ് ജെറിയിൽ നിന്നും എടുത്തതാണ്. ആക്ഷൻ രംഗങ്ങൾക്കായി ആശ്രയിക്കുന്ന മറ്റൊന്ന് നാഷണൽ ജിയോഗ്രഫിക്ക് ആണ്. എന്നാല്‍ ടോം ആന്‍ഡ് ജെറിയിലെ ആക്ഷന്‍ രംഗങ്ങള്‍ അവിശ്വസനീയമാണ്,' അക്ഷയ് കുമാർ പറഞ്ഞു.
മുദാസര്‍ അസീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഖേല്‍ ഖേല്‍ മേം ഓഗസറ്റ് 15നാണ് റിലീസ് ചെയ്യുന്നത്. 2016ല്‍ റിലീസ് ചെയ്ത ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സിന്‍റെ ഔദ്യോഗിക റീമേക്ക് ആണ്. അമ്മി വിര്‍ക്, വാണി കപൂര്‍, തപ്സി പന്നു, ഫര്‍ദീന്‍ ഖാന്‍, പ്രഗ്യ ജയ്സ്‌വാൾ, ആദിത്യ സീൽ എന്നിവരാണ് ഖേല്‍ ഖേല്‍മേമില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.