സിനിമ കണ്ട് സൈക്യാട്രിസ്റ്റായ ആള്‍ മുപ്പത്തിയൊന്നുവര്‍ഷത്തിന് ശേഷം അതേ സിനിമയുടെ പ്രിവ്യൂ കാണാന്‍ നാളെ തിയറ്ററിലെത്തും. കോട്ടയം ചിങ്ങവനം സ്വദേശിയും ജര്‍മനിയില്‍ സൈക്യാട്രിസ്റ്റുമായ ഡോ.ജെമി കുര്യാക്കോസാണ് ജീവിതം മാറ്റിമറിച്ച പ്രിയപ്പെട്ട സിനിമയെ കുറിച്ച് സംസാരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നായ മണിച്ചിത്രത്താഴിന്റെ റീമാസ്റ്റര്‍ െചയ്ത പതിപ്പ് തിയറ്ററിലെത്താനിരിക്കെ നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനൊപ്പം മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഡോ.ജെമി കുര്യാക്കോസ്.
ചിങ്ങവനത്തെ കുടുംബവകയായ ബി ക്ളാസ് തിയറ്ററില്‍ മണിചിത്രത്താഴ് കാണുമ്പോള്‍ ഡോ.ജെമി കുര്യാക്കോസിന് പതിനേഴ് വയസാണ്. സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസില്‍ കുടിയേറിയത് ഡോ.സണ്ണിയായിരുന്നു. നാഗവല്ലിയില്‍ ഗംഗയെ കുടുക്കിയ അപരവ്യക്തിത്വത്തിന് പരിഹാരം കണ്ട ഡോക്ടര്‍ സണ്ണിെയന്ന മോഹന്‍ലാലിന്റെ കഥാപാത്രം ജീവിതത്തിെല റോള്‍ മോഡലായി. അങ്ങനെ ജെമി കുര്യാക്കോസ് ജര്‍മനിയില്‍ സൈക്യാട്രിസ്റ്റായി.
സൈക്കോസിസിന്റെ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയ ഗംഗയെ സിനിമയില്‍ ഡോ.സണ്ണി ചികില്‍സിച്ചുവെങ്കിലും അത്രയും തീവ്രമായൊരു രോഗിയെ ചികില്‍സിക്കേണ്ട സാഹചര്യം ജീവിതത്തില്‍ ഡോ.ജെമിക്ക് ഉണ്ടായിട്ടില്ല. 4k റീ മാസ്റ്റേര്‍ഡ് പതിപ്പാണെന്നതൊഴിച്ചാല്‍ മറ്റ് കൂട്ടിച്ചേര്‍ക്കലുകളോ മുറിച്ചുമാറ്റലുകളോ ഇല്ലാെതയാണ് മണിച്ചിത്രത്താഴ് വീണ്ടും റിലീസ് െചയ്യുന്നത്.