കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44ന്‍റെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരുക്ക്. അപകടത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. അതേസമയം പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരാധകരും പരിഭ്രാന്തിയിലായി. എന്തുകൊണ്ട് പ്രൊഡക്ഷൻ ഹൗസിൽ നിന്നോ കാർത്തിക്കിൽ നിന്നോ ഒരു പ്രസ്താവനയും നടത്തിയില്ലെന്ന ചോദ്യവും ഉയര്‍ന്നു. പിന്നാലെ പരിക്ക് ഗുരുതരമല്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എക്സില്‍ കുറിച്ചു.
‘പ്രിയ ആരാധകരെ, ഇതൊരു ചെറിയ പരിക്കുമാത്രമാണ്, വിഷമിക്കരുത്, നിങ്ങളുടെ സൂര്യ സുഖമായിരിക്കുന്നു’ എന്നാണ് നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ കുറിച്ചത്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം ഊട്ടിയിലെ ആശുപത്രിയില്‍ ചികില്‍സതേടിയ അദ്ദേഹത്തോട് കുറച്ചു ദിവസം വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
2ഡി എന്‍റര്‍ടെയ്മെന്‍റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്നാണ് സൂര്യ 44 നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. പൂജ ഹെഗ്ഡെ, ജയറാം, കരുണാകരന്‍, ജോജു ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.