വയനാട്ടിലെ സന്ദര്‍ശനത്തെ അധിക്ഷേപിച്ച യുട്യൂബര്‍ അജു അലക്ശിനോട് പരിഭവിച്ച് മോഹന്‍ലാലും. ചെകുത്താന്‍ തനിക്കെതിരെ നടത്തിയപരാമര്‍ശത്തേക്കാള്‍ ടെറിട്ടോറിയല്‍ ആര്‍മിയെ വിമര്‍ശിച്ചതിലാണ് മോഹന്‍ലാലിന് പരിഭവം. ചെകുത്താനെതിരെ കേസെടുത്ത തിരുവല്ല എസ്എച്ച്ഒ ബി കെ സുനിൽ കൃഷ്ണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍ തന്നെ വിളിച്ച് കേസിന്‍റെ വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നെന്നും സുനില്‍ കൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അജു അലക്സിനെതിരെ ടെറിട്ടോറിയല്‍ ആര്‍മി സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ സാധ്യതയുണ്ട്.
'ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം. അതില്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും. പിന്നീട് തെളിവുകള്‍ കണ്ടെത്തണം. ആരോപണങ്ങള്‍ക്ക് പിന്നിലെന്തൊക്കെയെന്ന് പ്രതിക്കേ അറിയാവൂ. വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ട്രൈപ്പോട് , മോണോപ്പോട്, ജിംബല്‍ എന്നിവ കണ്ടെത്തുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായാണ് അജുവിനെ കസ്റ്റഡയില്‍ കൊണ്ടുപോയി പരിശോധന നടത്തിയത്'.
'കേസുമായി ബന്ധപ്പെട്ട് ഒരുപാട് പേര്‍ വിളിച്ചിരുന്നു. മോഹല്‍ലാല്‍ വിളിച്ചതിലാണ് ഏറ്റവും കൂടുതല്‍ സന്തോഷമുളളത്. ടെറിട്ടോറിയല്‍ ആര്‍മിയെ വിമര്‍ശിച്ത് അദ്ദേഹത്തിനെ അത് വല്ലാതെ ബാധിച്ചു. ചലച്ചിത്രമേഖലയില്‍ നിന്നും അജുവിനെതിരെ മാനനഷ്ടക്കേസ് നല്‍കാനും സാധ്യതയുണ്ട്. എന്തായാലും പൊലീസ് റജിസ്റ്റര്‍ ചെയ്തകേസും തുടര്‍ന്നുള്ള അന്വേഷണവും മുന്നോട്ട് തന്നെ പോകുമെന്നും' സുനില്‍ കൃഷ്ണന്‍ പറഞ്ഞു.
അതേസമയം മോഹൻലാലിനോട് ശത്രുതയില്ലെന്നും പറഞ്ഞത് അഭിപ്രായമാണെന്നും യൂട്യൂബർ ചെകുത്താൻ എന്ന അജു അലക്സ് പറഞ്ഞു. മോഹൻലാലിന്റെ പിറകെ നടന്നിട്ടില്ലെന്നും താന്‍ പറഞ്ഞതിനെ വളച്ചൊടിച്ചതാണെന്നുമായിരുന്നു ജാമ്യത്തിൽ ഇറങ്ങിയ ശേഷം അജു അലക്സ് പറഞ്ഞത്. കേസ് ഭയവും ഉൽക്കണ്ഠയും ഉണ്ടാക്കുന്നതായും അജു അലക്സ് പ്രതികരിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് സൈനിക വേഷത്തിലെത്തിയ മോഹന്‍ലാലിനെ വ്ലോഗിലൂടെ അധിക്ഷേപിച്ചതിനാണ് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തത്. അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് നല്‍കിയ പരാതിയിലാണ് കേസ്. വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അധിക്ഷേപ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് കേസ്.