തമിഴ് സൂപ്പര്‍ താരം വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതോടെ താരരാഷ്ട്രീയം തമിഴകത്ത് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ആവശ്യത്തിനും അനാവശ്യത്തിനും താരങ്ങളോട് രാഷ്ട്രീയ പ്രവേശനത്തെ പറ്റിയുള്ള ചോദ്യങ്ങളും ഉയരാറുണ്ട്. പുതുതായി കീര്‍ത്തി സുരേഷിലേക്കാണ് രാഷ്ട്രീയ പ്രവേശനത്തെ പറ്റിയുള്ള ചോദ്യം വന്നിരിക്കുന്നത്. പുതിയ ചിത്രമായ രഘു താത്തയുടെ പ്രെസ് മീറ്റിലായിരുന്നു രാഷ്ട്രീയ പ്രവേശനത്തെ പറ്റി ചോദ്യം ഉയര്‍ന്നത്.
'വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു, നിങ്ങള്‍ സുഹൃത്തുക്കളാണല്ലോ, അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലേക്ക് ചേരുമോ?,' എന്ന ചോദ്യത്തിന് ഇല്ല, ഇപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് കീര്‍ത്തി പറഞ്ഞത്. ഇപ്പോഴില്ല എന്ന് പറയുമ്പോള്‍ ഭാവിയില്‍ വരാന്‍ സാധ്യതയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 'ഭാവിയില്‍ വരുകയാണെങ്കില്‍ രാഷ്ട്രീയത്തിലേക്കില്ല എന്നല്ലേ അന്ന് പറഞ്ഞത് എന്ന് നിങ്ങള്‍ ചോദിക്കില്ലേ, അതുകൊണ്ടാണ് ഇപ്പോള്‍ ഇല്ല എന്ന് പറഞ്ഞത്,' എന്നും കീര്‍ത്തി പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹമുണ്ട്, ഇപ്പോള്‍ ഇറങ്ങുന്നില്ല എന്നല്ലേ ഈ പറഞ്ഞതിന് അര്‍ത്ഥം എന്ന് വീണ്ടും മാധ്യമങ്ങള്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍, ഇറങ്ങാം, ഇറങ്ങാതെയുമിരിക്കാമെന്നും താരം പറഞ്ഞു.