തെലുങ്ക് സൂപ്പര്‍താരം നാഗചൈതന്യയുടെ രണ്ടാം ബന്ധവും വേര്‍പിരിയുമെന്ന് പ്രഖ്യാപിച്ച് ജ്യോതിഷി വേണുസ്വാമി. നാഗചൈതന്യ– സാമന്ത വിവാഹമോചനവും വേണുസ്വാമി പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാഗചൈതന്യയുടെയും ശോഭിതയുടെയും ഭാവി അത്ര ശോഭനമല്ലെന്ന് വേണുസ്വാമിയുടെ പ്രവചനം. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 2027ഓടെ ശോഭിതയുമായും നാഗചൈതന്യ പിരിയുമെന്നായിരുന്നു പ്രവചനം. ഇതിന് കാരണക്കാരി മറ്റൊരു സ്ത്രീ ആയിരിക്കുമെന്നും വേണുസ്വാമി തുറന്നടിച്ചതോടെയാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും കടുത്ത പ്രതികരണമുണ്ടായത്.
വേണുസ്വാമിക്കെതിരെ തെലുങ്ക് ഫിലിം ജേണലിസ്റ്റ് അസോസിയേഷന്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാമിയുടെ വിഡിയോ ബന്ധങ്ങളെ തകര്‍ക്കുന്നതാണെന്നും വ്യക്തികളെ അപമാനിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തിജീവിതത്തെ ദോഷകരമായി ഇത്തരം കമന്‍റുകള്‍ ബാധിക്കുമെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിമര്‍ശനം കടുത്തതോടെ നാഗ–സാമന്ത കാര്യത്തില്‍ താന്‍ പ്രവചിച്ചതിന്‍റെ ബാക്കിയാണെന്നും ആളുകള്‍ക്ക് ബുദ്ധിമുട്ടായെങ്കില്‍ തുടര്‍ന്ന് സിനിമതാരങ്ങളെ കുറിച്ചും രാഷ്ട്രീയക്കാരെ കുറിച്ചും പ്രവചനം നടത്തില്ലെന്നും സ്വാമി പ്രഖ്യാപിച്ചു.
ഓഗസ്റ്റ് എട്ടിനാണ് നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയ ചിത്രങ്ങളും വാര്‍ത്തയും നാഗാര്‍ജുന പുറത്തുവിട്ടത്. നിരവധിപ്പേര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചപ്പോള്‍ ചിലര്‍ നാഗചൈതന്യയ്ക്കെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ത്തി. ഇരുവരും പക്ഷേ വിമര്‍ശനങ്ങളോട് പ്രതികരിച്ചിട്ടില്ല.
വിവാദ പ്രവചനങ്ങള്‍ വേണുസ്വാമിക്ക് പുത്തരിയല്ല. നയന്‍താരയും വിഗ്നേഷ് ശിവനുമായി അത്ര രസത്തിലല്ലെന്നും ഇരുവരും വേര്‍പിരിയലിന്‍റെ വക്കിലാണെന്നുമായിരുന്നു വേണുസ്വാമി നടത്തിയ പ്രവചനങ്ങളിലൊന്ന്. ഏറെക്കാലം ആരാധകര്‍ ഇതിന് പിന്നാലെയായിരുന്നു. വിവാഹശേഷം തിരുപ്പതി ക്ഷേത്രത്തില്‍ ചെരുപ്പിട്ട് കയറിയെന്നത് മുതല്‍ അന്നപൂരണി സിനിമയുമായി ബന്ധപ്പെട്ടും നയന്‍സ് വിവാദത്തിലായി. അജിത്ത് ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്നും വിഗ്നേഷ് അവസാന നിമിഷം ഒഴിവാക്കപ്പെട്ടു എന്നിങ്ങനെ തന്‍റെ പ്രവചനത്തിന് വേണുസ്വാമി നിരവധി ഉദാഹരണങ്ങളും നിരത്തുന്നു. പ്രഭാസിന് കല്യാണ യോഗമില്ലെന്ന പ്രവചനം വേണുസ്വാമി നടത്തിയതും വന്‍ വിവാദമായിരുന്നു.