വിവാഹമോചനം നേടി അവളങ്ങനെ എന്റെ കാശുകൊണ്ട് ജീവിക്കണ്ട എന്നു ചിന്തിക്കുന്ന ഭര്‍ത്താക്കന്‍മാരുണ്ടാകും. അത്തരമൊരാളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്. ഭാര്യയ്ക്ക് പണികൊടുക്കാനായി ജീവനാംശം നല്‍കിയത് ഒരു രൂപ, രണ്ടു രൂപ ചില്ലറകള്‍. ഇതുകണ്ട് ജഡ്ജിയടക്കം കോടതിമുറിയിലിരുന്നവരെല്ലാം അന്തംവിട്ടു.
കോയമ്പത്തൂര്‍ അഡീഷണല്‍ കുടുംബകോടതിയിലാണ് സംഭവം. ജീവനാംശം ഏതാണ്ട് ഇരുപതോളം സഞ്ചികളിലായിട്ടാണ് ബുധനാഴ്ച ഈ കക്ഷി കോടതിയിലെത്തിച്ചത്. എണ്‍പതിനായിരം രൂപയുടെ ചില്ലറകള്‍, അവളെണ്ണി പഠിക്കട്ടേ എന്നു കരുതിയാവും മുന്‍ ഭര്‍ത്താവിന്റെ ഈ പദ്ധതി. സംഗതിയറിഞ്ഞ കോടതി ഈ സര്‍ക്കസ് ഒന്നും ഇവിടെ വേണ്ടെന്നും ചില്ലറകള്‍ നോട്ടാക്കി മാറ്റി കൊണ്ടുവരാനും ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം ഫയല്‍ ചെയ്ത വിവാഹമോചനക്കേസില്‍ രണ്ടുലക്ഷം രൂപ ജീവനാംശം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. ടാക്സി ഉടമയായ വടവള്ളി സ്വദേശി തന്റെ കാറില്‍ 20 സഞ്ചികളുമായി കോടതി പരിസരത്തെത്തി. കുടുംബകോടതിയിലേക്ക് സഞ്ചികളുമായെത്തിയ ആളെ കണ്ട് അന്തംവിട്ടുനിന്നു കോടതി. എന്നാല്‍ ആ പണികൊടുക്കല്‍ പദ്ധതി ഒട്ടും രസിക്കാത്ത കോടതി നാണയങ്ങള്‍ നോട്ടുകളാക്കി കൊണ്ടുവരാന്‍ ഉത്തരവിട്ടു. പിന്നാലെ ചാക്കും ചുമന്ന് തിരിച്ചുപോകുന്ന മുന്‍ഭര്‍ത്താവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.
വ്യാഴാഴ്ച 80,000രൂപയുടെ നോട്ടുകള്‍ ഇയാള്‍ കോടതിയിലെത്തിച്ചു. ജീവനാംശത്തിന്റെ ബാക്കി തുകയായ ഒരു ലക്ഷത്തി ഇരുപതിനായിരം അധികം വൈകാതെ അടക്കണമെന്നും കോടതി ഉത്തരവിട്ടു.