സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കായി പുതുതലമുറ സംവിധായകരുടെ ചിത്രങ്ങള്‍ തമ്മില്‍ കടുത്തമല്‍സരം  .മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി തുടങ്ങിയ പ്രധാന പുരസ്കാരങ്ങള്‍ക്കാണ് വാശിയേറിയ പോര്. ഒരുമാസംമുമ്പുതുടങ്ങിയ ശ്രമകരമായ ദൗത്യമാണ് സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറി പൂര്‍ത്തിയാക്കുന്നത്. നാളെ മന്ത്രി സജിചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.

മലയാള സിനിമയുടെ മാറുന്ന നിര്‍മാണശൈലിയും ആസ്വാദന രീതിയും പ്രതിഫലിക്കുന്ന അരഡസനിലേറെ ചിത്രങ്ങളാണ് അന്തിമഘട്ടത്തില്‍ ജൂറിയുടെ മുന്നില്‍. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ സ്ക്രീന്‍ എന്നിവയില്‍ നിന്ന് തീര്‍ത്തും വേറിട്ട് തീയറ്റര്‍ അനുഭവം തന്നെ ആവശ്യപ്പെടുന്ന ചിത്രങ്ങളാണവ.160 ചിത്രങ്ങള്‍ പുരസ്കാര നിര്‍ണയത്തിനായി എത്തിയെങ്കിലും പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവര്‍ അധ്യക്ഷന്മാരായ പ്രാഥമിക ജൂറിയുടെ വിലയിരുത്തലില്‍ എഴുപതുശതമാനം ചിത്രങ്ങളും ഒഴിവായി. അവസാന റൗണ്ടിലെത്തിയ നാല്‍പത് ചിത്രങ്ങളില്‍ നിന്ന് ഏറ്റവും മികച്ച അരഡസന്‍ ചിത്രങ്ങളില്‍ നിന്നാകും പ്രധാന പുരസ്കാരങ്ങളെല്ലാം. മികച്ച സിനിമയ്ക്കായി ഉള്ളൊഴുക്ക്, ആടുജീവിതം, കാതല്‍ ദ കോര്‍, 2018... എവരി വണ്‍ ഈസ് എ ഹീറോ, കണ്ണൂര്‍ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളുടെ ഉഗ്രന്‍ മല്‍സരമാണ്.

ഈ ചിത്രങ്ങളിലൂടെ  ക്രിസ്റ്റോ ടോമി, ബ്ലസ്സി, ജിയോ ബേബി,  ജൂഡ് ആന്റണി ജോസഫ്, റോബി വര്‍ഗീസ് രാജ് തുടങ്ങിയവര്‍ മികച്ച സംവിധായകരാകാന്‍ മല്‍സരിക്കുന്നു. എണ്‍പത്തിനാല്  ആദ്യസംവിധായകരുടെ ചിത്രങ്ങള്‍ പുരസ്കാര നിര്‍ണയത്തിനെത്തിയത് മലയാള സിനിമയുടെ തലമുറമാറ്റത്തിന്റെ സൂചനയാണ്. തീയറ്ററുകളിലോ ഓ.ടി.യിയിലോ വരാത്ത ചിത്രങ്ങളാണ് ഭൂരിഭാഗവും. ഇതിലേതിനാകും ജൂറിയുടെ അംഗീകാരം കിട്ടുകയെന്നതാണ് കൗതുകം. 

മികച്ച നടനാകാന്‍ മമ്മൂട്ടിയും പൃഥിരാജും കുഞ്ചാക്കോ ബോബനും ടൊവീനോയും രംഗത്തുണ്ട്. ഉള്ളൊഴുക്കിലെ മികവിന് പാര്‍വതീ തിരുവോത്ത് മികച്ച നടിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഉര്‍വശിയും സജീവ പരിഗണനയിലാണ്.  ജൂറി അംഗങ്ങളുടെ അനുഭവ സമ്പത്തിന്റെയും ആസ്വാദന തലത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന പുരസ്കാരങ്ങള്‍ പ്രേക്ഷക പ്രതീക്ഷകളുമായി എത്രത്തോളം ഒത്തുപോകുമെന്നതിനെ ആശ്രയിച്ചാകും വരുംദിവസങ്ങളിലെ ചര്‍ച്ചകളും സംവാദങ്ങളും.

State Film Award; There is fierce competition between the films of the new generation of directors: