ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു തിയറ്ററിലെത്തിയപ്പോള്‍ സിനിമാപ്രേമികള്‍ ഹിറ്റാക്കിമാറ്റിയ ഡയലോഗുണ്ട് ‘ഈ അമൽ ഡേവിസ് ആള് കൊള്ളാലോ’, ‘അമല്‍ ഡേവിസ് ആളൊരു രസികന്‍ തന്നെ’ എന്നിവ. എന്നാല്‍ 2023ലെ സംസ്ഥാന പുരസ്കാര പ്രഖ്യാപനം കഴിഞ്ഞതോടെ അതേ ഡയലോഗുമായി ആരാധകരും നമ്മുടെ ‘അമല്‍ ഡേവിസി’ന്‍റെ പിന്നാലെ കൂടിയിരിക്കുകയാണ്. പ്രേമലു കണ്ട ആരും മറക്കാത്ത അമല്‍ ഡേവിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സംഗീത് പ്രതാപിനാണ് ഇത്തവണത്തെ മികച്ച ചിത്രസംയോജകനുള്ള (എഡിറ്റിങ്’ അവാര്‍ഡ്. ലിറ്റിൽ മിസ്സ് റാവുത്തര്‍ എന്ന ചിത്രത്തിനാണ് സംഗീതിനെ തേടി പുരസ്കാരം എത്തിയിരിക്കുന്നത്.
ആരാധകര്‍ മാത്രമല്ല താരങ്ങളായ മമിത ബൈജു, പ്രിയ വാര്യര്‍, അന്ന ബെന്‍, നിഖില വിമല്‍, അര്‍ജുന്‍ അശോകന്‍, ശ്യാം മോഹന്‍ പ്രേമലുവിന്‍റെ സംവിധായകന്‍ ഗിരീഷ് എ.ഡി എന്നിവരെല്ലാം സംഗീതിന് ആശംസകളുമായി എത്തിയിരിക്കുകയാണ്. ‘കഠിനാധ്വാനത്തിന്‍റെ ഫലം’ എന്നാണ് മമിത തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. എന്നിരുന്നാലും പുരസ്കാരങ്ങളെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്കും പോസ്റ്റുകള്‍ക്കുമെല്ലാം താഴെ ഒരേയൊരു കമന്‍റ് മാത്രമാണ് നിറയുന്നത്, ‘അമല്‍ ഡേവിസ് ഒരു രസികന്‍ തന്നെ’.
എഡിറ്റർ ഷമീർ മുഹമ്മദിന്റെ അസോഷ്യേറ്റ് ആയി പ്രവർത്തിക്കുന്ന സമയത്ത് തണ്ണീർമത്തൻ ദിനങ്ങളിൽ സ്പോട്ട് എഡിറ്റർ ആയിരുന്നു സംഗീത്. ആ സെറ്റിൽ വച്ചാണ് പ്രേമലുവിന്‍റെ സംവിധായകന്‍ എ.ഡി.ഗിരീഷുമായി പരിചയം. ഹൃദയത്തിലൂടെയാണ് സംഗീത് ആദ്യമായ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. നന്നായി മിമിക്രിയും കൈവശമുണ്ട് നമ്മുടെ ‘അമല്‍ ഡേവിസിന്’. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് എന്ന ചിത്രത്തിലും എഡിറ്ററായിരുന്നു സംഗീത്. ചെറായി ആണ് സംഗീതിന്‍റെ നാട്. അച്ഛൻ പ്രതാപ് കുമാർ സിനിമയിൽ ക്യാമറാമാൻ ആയിരുന്നു. തൂവാനത്തുമ്പികൾ, ഇൻ ഹരിഹർ നഗർ തുടങ്ങിയവയിലും പണ്ടത്തെ ഐവി ശശി, ജോഷി സിനിമകളിലുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, ‘ആടുജീവിത’ത്തില്‍ നജീബിന്റെ വേദനകള്‍ തിരയിലെത്തിച്ച പൃഥ്വിരാജ് സുകുമാരനാണ് മികച്ച നടന്‍. മികച്ച സംവിധായകനും അവലംബിത തിരക്കഥയ്ക്കുമുള്ള പുരസ്കാരം ബ്ലെസി സ്വന്തമാക്കി. ഉള്ളൊഴുക്കിലൂടെ ഉര്‍വശിയും ‘തടവ്’ എന്ന ചിത്രത്തിലൂടെ ബീന ചന്ദ്രനും മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോര്‍ ആണ് മികച്ച ചിത്രം. മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രമായും ‘ആടുജീവിതം’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹണം, ചമയം, കളറിസ്റ്റ്, ശബ്ദമിശ്രണം തുടങ്ങിയ പുരസ്കാരങ്ങളും ആടുജീവിതത്തിന് തിളക്കമേറ്റി. വിദ്യാധരന്‍ മാസ്റ്ററും ആന്‍ ആമിയും യഥാക്രമം മികച്ച ഗായകനും ഗായികയുമായി. പൂക്കാലത്തിലൂടെ വിജയരാഘവനാണ് മികച്ച സ്വഭാവ നടന്‍. പൊമ്പളൈ ഒരുമൈയിലുടെ ശ്രീഷ്മ ചന്ദ്രന്‍ മികച്ച സ്വഭാവനടിയായും തിരഞ്ഞെടുക്കപ്പെട്ടു.