gopi-sundar

TOPICS COVERED

സ്വന്തം രംഗമായ സംഗീതമേഖലയിലുപരി സ്വകാര്യ ജീവിതത്തിലൂടെയും ചര്‍ച്ചയാവുന്ന താരമാണ് ഗോപി സുന്ദര്‍. പ്രണയ ബന്ധങ്ങളുടെ പേരില്‍ താരത്തിനെതിരെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണങ്ങള്‍ നടക്കാറുണ്ട്. ഇതിനെല്ലാം ഗോപി സുന്ദര്‍ മിക്കപ്പോഴും ചുട്ട മറുപടിയും കൊടുക്കാറുണ്ട്. 

എന്നാല്‍ അതിരുവിട്ട ഒരു കമന്‍റ് പങ്കുവച്ചിരിക്കുകയാണ് താരം. തന്‍റെ അമ്മക്കെതിരെ വന്ന അശ്ലീല കമന്‍റിന്‍റെ സ്​ക്രീന്‍ ഷോട്ടാണ് ഗോപി സുന്ദര്‍ പങ്കുവച്ചത്. സുധി എസ് നായര്‍ എന്ന അക്കൗണ്ടില്‍ നിന്നുമാണ് അശ്ലീല കമന്‍റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘സുധി എസ്. നായർക്ക് എന്‍റെ അമ്മയെ വേണമെന്നാണ് പറയുന്നത്. എന്ത് പറയണം എന്നറിയില്ല. എന്‍റെ നിഷ്കളങ്കയായ അമ്മയെ പറയുമ്പോൾ ദുഃഖം തോന്നുന്നു. പ്രിയപ്പെട്ട കൂട്ടുകാരേ, ഇവനെ നിങ്ങൾ തന്നെ എന്തെങ്കിലും ചെയ്യണം. ഞാൻ ഇല്ലേ, ഇവനെ ദൈവം അനുഗ്രഹിക്കട്ടെ,’ എന്നാണ് ഗോപി സുന്ദര്‍ സ്​ക്രീന്‍ ഷോട്ട് പങ്കുവച്ച് കുറിച്ചത്. 

ഇതിനുപിന്നാലെ കമന്‍റിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് ഗോപി സുന്ദര്‍.  സൈബര്‍ സെല്ലിന് നല്‍കിയ പരാതിയും ഫേസ്​ബുക്കിലൂടെ ഗോപി സുന്ദര്‍ പങ്കുവച്ചു. കമന്‍റ് തന്നെ ഞെട്ടിച്ചുവെന്നും അസ്വസ്ഥനാക്കിയെന്നും പരാതിയില്‍ ഗോപി സുന്ദര്‍ പറഞ്ഞു. കമന്‍റ് പ്രകോപനപരവും അപലപനീയവുമാണ്. പ്രായമായ എന്‍റെ അമ്മക്കെതിരെയാണ് ഇയാള്‍ അപകീര്‍ത്തികരമായ കമന്‍റ് ചെയ്​തിരിക്കുന്നത്. ഈ കമന്‍റ് അശ്ലീലം നിറഞ്ഞതും ഭയപ്പെടുത്തുന്നതും അതിരുകടന്നതുമാണ്. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്​സുള്ള അക്കൗണ്ടില്‍ നിന്നുമാണ് ഈ കമന്‍റ് വന്നതെന്നും ഗോപി സുന്ദര്‍ പറഞ്ഞു. മറ്റ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ട്രോള്‍ വിഡിയോകളിലും ഈ കമന്‍റ് പ്രചരിച്ചുവെന്നും ഇത് തനിക്കേറ്റ വേദനയെ വര്‍ധിപ്പിച്ചുവെന്നും താരം പറഞ്ഞു. 

തന്‍റെ അമ്മക്കെതിരെ ഇത്തരമൊരു കമന്‍റിടാന്‍ ഈ വ്യക്തിക്കുണ്ടായ ധൈര്യം ഭയപ്പെടുത്തുന്നതാണ്. തടഞ്ഞില്ലെങ്കില്‍ ഇനിയും ഇത്തരം കമന്‍റിടുവാന്‍ ഇയാള്‍ക്കും മറ്റുള്ളവര്‍ക്കും ധൈര്യം നല്‍കുന്നതാവും അത്. തന്‍റെ പരാതിയിന്മേല്‍ എഫ്ഐആര്‍ ഇട്ട് നടപടി സ്വീകരിക്കണമെന്നും തന്‍റെ സഹകരണം ഏത് സമയത്തും ഉറപ്പാക്കുമെന്നും പറഞ്ഞാണ് ഗോപി സുന്ദര്‍ പരാതി അവസാനിപ്പിച്ചത്.

ENGLISH SUMMARY:

Gopi Sundar has taken legal action against the person who made obscene comments against his mother