AI image

AI image

വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) രൂപീകരിച്ചവരിൽ ഒരാളായ പ്രമുഖ നടി സ്വാർഥതാൽപര്യത്തോടെയാണു മൊഴി നൽകിയതെന്നും സിനിമയിൽ അവസരം നഷ്ടപ്പെടാതിരിക്കാനായി പുരുഷൻമാർക്കെതിരെ മൊഴി നൽകാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിമർശനം. ഡബ്ല്യുസിസി രൂപീകരിച്ചതിന്റെ പേരിൽ മാത്രം, അതിൽ അംഗങ്ങളായവരെ മിക്ക സിനിമകളിൽ നിന്നും തഴഞ്ഞു. ചില പുരുഷൻമാർ ഡബ്ല്യുസിസി അംഗങ്ങളെ സിനിമയിൽ അഭിനയിപ്പിക്കില്ലെന്നു പരസ്യമായി വെല്ലുവിളിച്ചു. ചില നിർമാതാക്കൾ അമ്മയിലെ അധികാര കേന്ദ്രങ്ങളെ പിണക്കേണ്ടി വരുമെന്ന ഭയം കാരണം ഡബ്ല്യുസിസി അംഗങ്ങളെ അഭിനയിപ്പിക്കാൻ തയാറായില്ല.

ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായ ഒരു നടിക്കു മാത്രം തുടർന്നും അവസരം ലഭിച്ചു. ഡബ്ല്യുസിസിക്ക് ആരിൽ നിന്നും പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നായിരുന്നു അവർ മൊഴി തന്നത്. സിനിമയിൽ നടിമാർ ലൈംഗിക ചൂഷണം നേരിടുന്നതായി കേട്ടിട്ടു പോലുമില്ലെന്നും അവർ പറഞ്ഞു. സിനിമയിൽ നിന്നു പുറത്താക്കപ്പെടരുതെന്ന സ്വാർഥലക്ഷ്യമായിരുന്നു അവർക്ക്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചു മൊഴികൾ ഉള്ളതിനാൽ പ്രത്യേക പരാതിയില്ലാതെ തന്നെ പൊലീസ് അന്വേഷണത്തിനു സർക്കാരിനു ബാധ്യതയുണ്ട്. ഭരണഘടനയിലെ വകുപ്പ് 162 പ്രകാരം സംസ്ഥാന സർക്കാരിനുള്ള അധികാരം ഉപയോഗിച്ചുള്ള ഉത്തരവിലൂടെയാണു ഹേമ കമ്മിറ്റിയെ നിയമിച്ചത്. അതുകൊണ്ടുതന്നെ കമ്മിറ്റിയുടെയും റിപ്പോർട്ടിന്റെയും നിയമപരമായ സാധുത ചോദ്യം ചെയ്യാനാകില്ല. അങ്ങനെയൊരു കമ്മിറ്റിക്കു മുൻപിൽ ലൈംഗികാതിക്രമം ഉൾപ്പെടെ ഉന്നയിച്ചു നൽകിയ മൊഴികൾ നിയമസംവിധാനത്തിലൂടെ പരിശോധിക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കാര്യത്തിൽ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നു വകുപ്പു മന്ത്രി ആവർത്തിക്കുമ്പോൾ, മൊഴികളിൽ എന്തന്വേഷണമാണു നടന്നതെന്നാണ് ചോദ്യം.

Criticism for leading actress , she only stayed to form wcc: