അക്ഷരാര്‍ത്ഥത്തില്‍ ഒരു റോളര്‍ കോസ്റ്റര്‍, മലയാള സിനിമയുടെ വരുംകാല ചരിത്രത്തില്‍ 2024 അടയാളപ്പെടുത്താന്‍ പോകുന്നത് ഇങ്ങനെയായിരിക്കും. ആഘോഷങ്ങളും അര്‍മാദങ്ങളും പ്രശംസകളും വിവാദങ്ങളുമെല്ലാം ഒരുപോലെ കടന്നുപോയ വര്‍ഷം. 2024ന്‍റെ ഒടുക്കമായിരിക്കുകയാണ്. ഇനി പിന്നിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം.
കണ്ടന്‍റ് കിങ്
200 ലധികം സിനിമകളാണ് ഈ കൊല്ലം മലയാളത്തില്‍ ഇറങ്ങിയത്. 2024 തുടക്കം എടുക്കുകയാണെങ്കില്‍ ഇന്ത്യന്‍ സിനിമയാകെ തന്നെ മലയാളത്തെ ആഘോഷിക്കുകയായിരുന്നു. 2024ലെ ആദ്യഹിറ്റായ ആട്ടം തന്നെ പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചത്. പിന്നാലെ എബ്രഹാം ഒസ്ലര്, അന്വേഷിപ്പിന്‍ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം, തലവന്‍, ടര്‍ബോ, ഗുരുവായൂരമ്പലനടയില്‍ എന്നിങ്ങനെ കേരളത്തിനകത്തും പുറത്തും ആഘോഷമായ ഒരുനിര ചിത്രങ്ങള്‍.
കൂട്ടത്തിലെ കൊമ്പന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ. കേരളത്തിലുണ്ടായതിലും വലിയ തരംഗം ചിത്രം തമിഴ്നാട്ടിലുണ്ടാക്കി. പ്രണയത്തിനുമപ്പുറം കാതലിന് പുതിയ നിര്‍വചനം നല്‍കിയ സുഭാഷിനേയും കുട്ടേട്ടനേയും തമിഴകം നെഞ്ചോട് ചേര്‍ത്തു. കേരളത്തില്‍ ഏറ്റവും വേഗത്തിൽ നൂറുകോടി കളക്ഷൻ നേടുന്ന സിനിമ എന്ന റെക്കോര്‍ഡും തമിഴ്‌നാട്ടിൽ ഏറ്റവും കളക്ഷൻ നേടിയ മലയാളം സിനിമ എന്ന റെക്കോഡും മഞ്ഞുമ്മൽ ബോയ്‌സ് സ്വന്തമാക്കി. ഈ വർഷം തമിഴ്നാട്ടിലെ തിയേറ്ററുകളിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളില്‍ വിജയ് ചിത്രം ഗോട്ട് ശിവകാര്‍ത്തികേയന്‍–സായ് പല്ലവി ചിത്രം അമരന്‍ എന്നിവക്കൊപ്പാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ സ്ഥാനം. പല മുന്‍നിര താരങ്ങളുടെ ചിത്രങ്ങളെ പിന്തള്ളിയായിരുന്നു ഒരു ചെറിയ മലയാളം ചിത്രത്തിന്‍റെ കുതിപ്പ്.
മഞ്ഞുമ്മലിനെ തമിഴ്നാട് ഏറ്റെടുത്തപ്പോള്‍ പ്രേമലു ആന്ധ്രയിലാണ് ശ്രദ്ധ നേടിയത്. 2കെ തലമുറയുടെ ചിന്തകളേയും ശീലങ്ങളേയും സുഹൃത്ത്ബന്ധങ്ങളേയും ആശങ്കകളേയും താല്‍പര്യങ്ങളേയുമെല്ലാം റീനുവിലുടേയും സച്ചിനിലൂടേയും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ പ്രേമലുവിനായി. ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത 'പ്രേമലു' മൗത്ത് പബ്ലിസിറ്റിയിലൂടെ അടിച്ചു കേറുന്നതാണ് പിന്നീട് കണ്ടത്. തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്യുകയും ചെയ്തിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗവും പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു.
മറ്റേത് ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ താരങ്ങളും മടിക്കുന്ന പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി നടത്തി വിജയിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി, ഭൂതകാലം സംവിധായകന്‍ രാഹുല്‍ സദാശിവത്തിനൊപ്പം ഒന്നിച്ചപ്പോള്‍ മലയാളത്തിന് ലഭിച്ചത് മൈല്‍സ്റ്റോണായ ഒരു മാസ്റ്റര്‍ പീസായിരുന്നു. പൃഥ്വിരാജിന്‍റെ ആടുജീവിതം ലോകോത്തരനിലവാരത്തിലേക്ക് ഉയര്‍ന്നു. സിനിമക്കായി പൃഥ്വിരാജ് എടുത്ത സമര്‍പ്പണവും പ്രകടനത്തിലെ തീവ്രതയും ബ്ലെസിയുടെ മേക്കിങ് ക്വാളിറ്റിയും വാഴ്ത്തപ്പെട്ടു. ആവേശവും രംഗണ്ണനും അമ്പാനും ഇന്ത്യയാകെ തരംഗമായി. ഫഹദിന്റെ എടാ മോനേ ഡയലോഗ് ഇന്ത്യയാകെ ഏറ്റെടുത്തു. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട പത്ത് സിനിമകളില്‍ രണ്ടെണ്ണം മലയാളമാണ്. ആവേശവും മറ്റൊന്ന് മഞ്ഞുമ്മല്‍ ബോയിസും. കൊമേഴ്സ്യല്‍ സിനിമകള്‍ക്ക് പുറമേ ഇന്‍വെസ്റ്റിഗേറ്റീവ്, സര്‍വൈവല്‍, റൊമാന്‍സ്, ഹൊറര്‍ ഴോണറിലെത്തുന്ന ചിത്രങ്ങളും ഒന്നിനുപുറകെ ഒന്നായി ബ്ലോക്ക്ബസ്റ്ററാക്കുന്ന വൈവിധ്യമുള്ള ഒരു അപൂര്‍വ ഇന്‍ഡസ്ട്രിയായി മോളിവുഡ്.
പെണ്ണുങ്ങള്‍ എവിടെ?
ഇതിനൊപ്പം തന്നെ മറ്റ് ഇന്ഡസ്ട്രികളില് ഒന്നും തന്നെ കണ്ടിട്ടില്ലാത്ത ഒരു ചര്‍ച്ചയും മോളിവുഡിലെത്തി? പെണ്ണുങ്ങള്‍ എവിടെ? വന്ന ചിത്രങ്ങളെല്ലാം നായകകേന്ദ്രീകൃതം, സ്ത്രീക്കും പുരുഷനും പ്രധാന്യമുള്ള സിനിമകളുമുണ്ട്. (ആട്ടം, പ്രേമലൂ). എന്നാല്‍ ആനുപാതികമായ പ്രാതിനിധ്യം എവിടെ. നായകന്മാര്‍ക്ക് പല തരത്തില്‍, പല ഴോണറിലുള്ള വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളും വരുമ്പോള്‍ സമൂഹത്തില്‍ അത്രത്തോളം തന്നെ പ്രാതിനിധ്യമുള്ള സ്ത്രീകളുടെ കഥകള്‍ എന്തുകൊണ്ട് സിനിമകളാവുന്നില്ല എന്ന ചോദ്യം ഉയര്‍ന്നു. പ്രതിഭാധനരായ നായികമാര്‍ ഉണ്ടായിട്ടും അവര്‍ക്ക് അര്‍ഹിക്കുന്ന, വ്യത്യസ്തമായ വേഷങ്ങളോ കഥകളോ മലയാളത്തില്‍ ഉണ്ടാവുന്നില്ല. അന്യഭാഷയില്‍ ശ്രദ്ധ നേടിയ പല സിനിമകളിലും മികച്ച വേഷങ്ങള്‍ മലയാളി നായകമാര്‍ക്ക് ലഭിച്ചു എന്നതും ഇതിനൊപ്പം ചേര്‍ത്തു വായിക്കണം. തങ്കലാന്‍, കൊട്ടുകാളി, ലബ്ബര്‍ പന്ത്, കല്‍ക്കി, വാഴൈ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
ഈ ചര്‍ച്ച സജീവമായപ്പോള്‍ തന്നെ കാന്‍ വേദിയില്‍ രണ്ട് മലയാളി പെണ്ണുങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ താരകങ്ങളായതും മറ്റൊരു യാദൃശ്ചികതയാണ്. കാൻ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റിലെ പ്രധാന അഭിനേതാക്കളായ കനി കുസൃതിയും ദിവ്യ പ്രഭയും ആടിയും പാടിയും കാനിന്‍റെ ഹൃദയം കവര്‍ന്നു. പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്‍റെ ഡിസൈനിലുള്ള ബാഗ് ചേര്‍ത്തുപിടിച്ച കനിയുടെ നിലപാടും ശ്രദ്ധ നേടി. സ്ത്രീകള്‍ക്ക് പ്രധാന്യമുള്ള ഉള്ളൊഴുക്ക്, മന്ദാകിനി എന്നീ ചിത്രങ്ങളും പിന്നാലെയെത്തി. ഉര്‍വശിയുടേയും പാര്‍വതി തിരുവോത്തിന്‍റേയും പ്രകടനവും പ്രശംസിക്കപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
കുതിച്ചുപാഞ്ഞ മലയാളത്തെ പിടിച്ചുകെട്ടാന്‍ ഒടുവില്‍ കുപ്പി തുറന്ന് ഭൂതമെത്തി. നാലര വര്‍ഷം വെളിച്ചം കാണാതെ ഒളിഞ്ഞുകിടന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തേക്ക്. സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങി പ്രമുഖര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയും ആരോപണങ്ങളും ഉയര്‍ന്നു. ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി അന്യഭാഷകളിലേതുള്‍പ്പെടെ മുന്‍നിര നായികമാര്‍ രംഗത്തുവന്നു. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നം സജീവ ചര്‍ച്ചയായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതും സ്ത്രീകളുടെ പ്രശ്നം ചര്‍ച്ചയായതും ഡബ്ല്യൂസിസി നടത്തിയ പോരാട്ടത്തിന്‍റെ വിജയം കൂടിയായി. പരാതിയില്‍ നിയമനടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
തുടരുന്ന വിജയം
ഹേമ കമ്മിറ്റി ഉണ്ടാക്കിയ വിവാദത്തിന്‍റെ സമയത്ത് മലയാളത്തില്‍ പറയത്തക്ക വിജയസിനിമകളൊന്നുമുണ്ടായില്ല. ഓണത്തിനു മുന്നോടിയായി എത്തിയ നുണക്കുഴിയും വാഴയും തിയേറ്ററില്‍ ചലനമുണ്ടാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കിയ ആഘാതത്തിന് ശേഷം ഓണക്കാലത്താണ് മലയാള സിനിമ വീണ്ടും സജീവമായത്. അജയന്‍റെ രണ്ടാം മോഷണവും കിഷ്കിന്ധാ കാണ്ഡവും തിയേറ്ററുകളില്‍ ഒരുപോലെ ആളെ കയറ്റി. വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ സ്ത്രീകള്‍ ഇല്ലെന്ന പരാതി ആയിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പ്രാധാന്യമുള്ള ചിത്രങ്ങള്‍ രണ്ടാം പകുതിയിലെത്തി. എആര്‍എമ്മില്‍ ടൊവിനോയ്ക്കൊപ്പം തന്നെ സുരഭി ലക്ഷ്മിയുടെ മാണിക്യമായുള്ള തീവ്രവും ആഴത്തിലുള്ളതുമായ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. കിഷ്കിന്ധ കാണ്ഡം, ബൊഗെയ്ന് വില്ല, സൂക്ഷ്മദര്‍ശിനി എന്നീ ചിത്രങ്ങളും സ്ത്രീകഥാപാത്രങ്ങളെ മുന്നില്‍ നിര്‍ത്തി. ബൊഗെയിന്‍ വില്ലയിലൂടെ ജ്യോതിര്‍മയിയുടെ തിരിച്ചുവരവും മോളിവുഡ് കണ്ടു. ഐശ്വര്യ ലക്ഷ്മി– ഷറഫുദ്ദീന്‍ കോമ്പോയുടെ ഹലോ മമ്മിയും ഒപ്പമുണ്ട്.
ലിങ്ക് കിട്ടിയോ?
മലയാളി സമൂഹത്തെയാകെ നാണക്കേടിലാഴ്ത്തിയ വിവാദമായിരുന്നു ദിവ്യ പ്രഭയുമായി ബന്ധപ്പെട്ടുണ്ടായത്. ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് ഇന്ത്യയിലെ തിയേറ്ററുകളിലെത്തിയതോടെ ചര്‍ച്ചയായത് സിനിമയുടെ പ്രമേയമോ അഭിനേതാക്കളുടെ പ്രകടനമോ സാങ്കേതിക വശമോ, സംഗീതമോ ഒന്നുമല്ല, ദിവ്യ പ്രഭയുടെ ന്യൂഡ് രംഗമായിരുന്നു. ദിവ്യ പ്രഭ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്ന വിധം നാണക്കേടിലേക്ക് സാഹചര്യമെത്തി. ദിവ്യ പ്രഭയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ കീഴില്‍ വരെ അശ്ലീല കമന്‍റുകള്‍ ഇടുന്നിടത്തോളം ഒരുവിഭാഗം അധപതിച്ചു. ആടുജീവിതത്തിലും മഞ്ഞുമ്മല്‍ ബോയിസിലും നഗ്ന രംഗത്തില്‍ അഭിനയിച്ച പൃഥ്വിരാജിനും ശ്രീനാഥ് ഭാസിക്കും വരാത്ത സദാചാര വിചാരണ ദിവ്യ പ്രഭക്ക് നേരിടേണ്ടി വന്നു. എത്ര രാജ്യാന്തര നിലവാരമുള്ള പ്രേക്ഷകരെന്ന് പറഞ്ഞാലും സ്ത്രീകളുടെ കാര്യം വരുമ്പോള്‍ നമ്മുടെ ചിന്ത നൂറ്റാണ്ടുകള്‍ പിന്നിലേക്കാണ് സഞ്ചരിക്കുന്നത്.
ബെസ്റ്റ് പെര്‍ഫോമേഴ്സ്
2024ല്‍ മികവുറ്റ പ്രകടനം കാഴ്ചവച്ച ചിലരെ കൂടി പരാമര്‍ശിക്കാതെ കടന്നുപോകാനാകില്ല. ആദ്യം പറയേണ്ടത് ആസിഫ് അലിയുടെ പേര് തന്നെയാണ്. ഒരു പടം ഹിറ്റായാല്‍ അടുത്ത അഞ്ചെണ്ണം പൊട്ടിക്കുന്ന നടന്‍ എന്ന ആക്ഷേപങ്ങള്‍ക്കിടെ തുടര്‍ച്ചയായി ഹിറ്റുകള്‍. സെലക്ഷന്‍റെ പേരില്‍ പ്രശംസ. ഓരോന്നില്ലും ഒന്നിനൊന്ന് വ്യത്യസ്തമായ, തേച്ചുമിനുക്കിയെടുത്ത പ്രകടനം. അധികം വിജയമാവാത്ത ചിത്രങ്ങളിലും ആസിഫിന്‍റെ പ്രകടനം ശ്രദ്ധ നേടി. നായകനാവുന്ന ചിത്രങ്ങള്‍ക്കെല്ലാം മിനിമം ഗ്യാരണ്ടി ഉറപ്പാക്കുന്ന ബേസില്‍ ജോസഫും ജനപ്രിയ നായകനെന്ന പദവിയിലേക്കാണ് അടുത്തുകൊണ്ടിരിക്കുന്നത്. സിനിമയുടെ സെലക്ഷനിലും പ്രകടനത്തിലും ജഗദീഷും മികച്ചുനിന്നു. എബ്രഹാം ഒസ്ലറിലെ വില്ലന്‍, ഗുരുവായൂരമ്പല നടയിലെയും വാഴയിലേയും ഹലോ മമ്മിയിലേയും അച്ഛന്‍ കഥാപാത്രങ്ങള്‍, എആര്‍എമ്മിലെ കൊല്ലന്‍ നാണു, കിഷ്കിന്ധാകാണ്ഠത്തിലെ സുമദത്തന്‍ എന്നിങ്ങനെ ഒന്നിനൊന്നു വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രകടനത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിക്കുകയാണ് ജഗദീഷ്.
പ്രതീക്ഷകള്‍ മങ്ങിപ്പോയവരും 2024ലുണ്ട്. മലൈക്കോട്ടൈ വാലിബന്‍, മലയാളി ഫ്രം ഇന്ത്യ, നടികര്‍, സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്നിവ വലിയ പ്രതീക്ഷകളുമായെത്തി തിയേറ്ററില്‍ തകര്‍ന്നടിഞ്ഞു. കണ്ടന്‍റിലും പ്രകടനത്തിലും മികച്ചുനിന്ന അഞ്ചക്കള്ളക്കോക്കാന്‍, ഗഗനചാരി, വിശേഷം, ലെവല്‍ ക്രേസ്, ഗോളം, പണി എന്നിവയും പ്രേക്ഷകരാല്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.
ഇനി വരാനിരിക്കുന്ന ആഷിക് അബുവിന്‍റെ റൈഫിള്‍ ക്ലബ്ബ്, മോഹന്‍ലാല്‍ സംവിധായകനാവുന്ന ബാറോസ്, ഉണ്ണി മുകുന്ദന്‍റെ മാര്‍ക്കോ എന്നീ ചിത്രങ്ങളും വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നവയാണ്. അതോടെ 2024 സമ്പൂര്‍ണമാവും. ബസൂക്ക, ഐഡന്‍റിറ്റി, കത്തനാര്‍, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്, തുടരും, ആലപ്പുഴ ജിംഖാന, എമ്പുരാന്‍ എന്നിങ്ങനെ 2025ലും വമ്പന്‍ ലൈനപ്പാണ് മോളിവുഡിന് വരാനിരിക്കുന്നത്. മോളിവുഡ് സുപ്രീമസി തുടരട്ടെ.