സിനിമയില്ലെങ്കില്‍ താന്‍ ചത്തുപോകുമെന്നും അഭിനയിക്കാന്‍ കേന്ദ്രത്തോട് അനുവാദം ചോദിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കവേയാണ് താരത്തിന്‍റെ പ്രതികരണം. ഒപ്പം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച്, സിനിമയ്ക്കുള്ളിൽ മാത്രമല്ല പ്രശ്നങ്ങൾ ഉള്ളതെന്നും എല്ലാ മേഖലയിലുമുണ്ടെന്നും. ഇക്കാര്യം 25 വര്‍ഷം മുന്‍പ് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ രാഷ്ട്രീയത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ഒറ്റക്കൊമ്പൻ’ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് മന്ത്രി പദത്തിലിരുന്നുകൊണ്ടുള്ള അഭിനയിക്കുന്നതിനെ പറ്റി സുരേഷ് ഗോപി സംസാരിച്ചത്. സിനിമ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്. പക്ഷെ കിട്ടിയിട്ടില്ല. കുറേ സിനിമകൾ ഉണ്ട് എന്ന് പറഞ്ഞപ്പോൾ അമിത് ഷാ പേപ്പർ മാറ്റി വെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയിൽ ഷൂട്ടിംഗ് സെറ്റിൽ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹം. ഇനി അതിന്റെ പേരിൽ തന്നെ മന്ത്രി സ്ഥാനത് നിന്നു മാറ്റുന്നുവെങ്കിൽ താൻ രക്ഷപെട്ടുവെന്നും സുരേഷ് ഗോപി. സിനിമ ഇല്ലാതെ പറ്റില്ലെന്നും അത് തന്റെ പാഷൻ ആണെന്നും അതില്ലെങ്കിൽ താൻ ചത്തു പോകുമെന്നും അദ്ദേഹം പറയുന്നു.
സിനിമയെ കുറിച്ചുള്ള മുന്‍കാല അനുഭവങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തു. താന്‍ വെറുക്കപ്പെടാന്‍ പേരുകേട്ട പിണക്കക്കാരനാണെന്നും ഒരു ന്യായവും കൂടാതെ ചുമ്മാ പിണങ്ങുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഉച്ചയ്ക്ക് സെറ്റില്‍ ഭക്ഷണം കഴിക്കാതെ രാത്രി 11 മണിവരെ ഇരുന്നിട്ടുണ്ട്. കാരണം ഊണിന്‍റെ കൂടെ പഴം കിട്ടിയില്ല. പഴം ചോദിച്ചപ്പോള്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്നാല്‍ മതിയെന്ന് പറഞ്ഞു. എന്നാ പഴം വന്നിട്ടുമതി ഊണ് എന്നു പറഞ്ഞ് എഴുന്നേറ്റു. എന്‍റെ കൂടെ എല്ലാവരും എഴുന്നേറ്റു. വൈകുന്നേരം വരെ പഴം വന്നില്ല. ഇനി ഈ സെറ്റില്‍ നിന്ന് ഭക്ഷണം കഴിക്കില്ല എന്ന് ഞാന്‍ പറഞ്ഞു. അത് ലാഭമായില്ലേ എന്ന് വിചാരിച്ച പ്രൊഡ്യൂസറുണ്ട്, സുരേഷ് ഗോപി പറയുന്നു.