prithviraj-prarthana

സമൂഹമാധ്യമം കയ്യടക്കിയിരിക്കുന്നത് എമ്പുരാന്റെ ടീസര്‍ വിശേഷങ്ങളാണ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ ചുരുങ്ങിയ സമയംകൊണ്ട് കണ്ടത്  ലക്ഷക്കണക്കിനാളുകള്‍.  ഇതിനിടെ ഒരു വമ്പന്‍ സര്‍പ്രൈസ് കൂടി പുറത്തുവന്നു. എമ്പുരാന്‍റെ തീം സോങ് എഴുതിയിരിക്കുന്നത് പൃഥ്വിരാജ് തന്നെയാണ്. പാടിയിരിക്കുന്നതാകട്ടെ ഇന്ദ്രജിത്തിന്‍റെ മകള്‍ പ്രാര്‍ഥനയും. 

ആദ്യമായാണ് പൃഥ്വിരാജ് പാട്ടിന് വരികളെഴുതുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദീപക് ദേവാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പ്രാര്‍ഥന ഇതിനു മുന്‍പും സിനിമകളില്‍ പാടിയിട്ടുണ്ട്. മഞ്ജുവാര്യര്‍ നായികയായെത്തിയ ‘മോഹന്‍ലാല്‍’ എന്ന സിനിമയിലെ ‘ലാ ലാ ലാലേട്ട’, അന്ന ബെന്‍ നായികയായ ‘ഹെലനി’ലെ താരാപഥമാകെ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ പാടിയത് പ്രാര്‍ഥനയാണ്. തെലുങ്കിലും ഹിന്ദിയിലും പ്രാര്‍ഥന അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. എമ്പുരാനിലെ തീം സോങ് എന്തായാലും ഞെട്ടിച്ചു എന്നാണ് കമന്‍റുകള്‍. 

‘ലൂസിഫറി’ന്‍റെ പ്രീക്വലായി ഇറങ്ങുന്ന ചിത്രത്തിന്‍റെ ടീസര്‍ പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ടീസര്‍ റിലീസ് ചെയ്തത്. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27-നാണ് തിയേറ്ററുകളിലെത്തുക.

അബ്റാം ഖുറേഷിയായുള്ള മോഹൻലാലിന്‍റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം 2023 ഒക്ടോബറിലാണ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്.

ചിത്രത്തില്‍ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, പൃഥ്വിരാജ്, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുവെന്നാണ് വിവരം.

ENGLISH SUMMARY:

The theme song of Empuraan has been written by the director, Prithviraj. It has been sung by Indrajith’s daughter, Prarthana. Notably, this is the first time Prithviraj has written lyrics for a song. The music has been composed by Deepak Dev. Prarthana has sung for films before as well.