sandra-hema-committee

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമ സംഘടനകള്‍ മുഴുവന്‍ മൗനം പാലിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. റിപ്പോര്‍ട്ടില്‍ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും അവര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പഠിക്കാന്‍ ഒരാഴ്ച വേണ്ട കാര്യമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. മലയാള സിനിമ പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണെന്നും ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുസമൂഹം കല്ലെറിയുമെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കി.

സാന്ദ്രയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ.. 'കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി? അതിനർത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവർ ഗ്രൂപ്പിനെ കുറിച്ച് വർഷങ്ങൾക്കു മുൻപ്‌ കോംപ്റ്റിറ്റിവ് കമ്മീഷൻ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ് . ഒരു റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എടുക്കേണ്ട കാര്യമില്ലെന്ന് ഞാനും നിങ്ങളും അടക്കം എല്ലാവർക്കും അറിയാം. 

 

ലോക സിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്, ഈ അവസ്ഥ വന്നു ചേർന്നതിൽ എല്ലാ സിനിമ സംഘടനകൾക്കും പങ്കുണ്ട് , ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം നമ്മെ കല്ലെറിയും. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം പരിഹാര നടപടികൾ ഈ സംഘടനകൾ എടുക്കുന്നുവെന്ന് പൊതുവേദിയിൽ വന്ന്‌ വ്യക്തമാക്കണം'. 

ENGLISH SUMMARY:

Producer Sandra Thoma questions malayalam film associations silence in Hema Committee report.