TOPICS COVERED

‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് നടന്‍ സിദ്ദിഖ്. സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിന് ഇ മെയില്‍ അയച്ചു.  നടി  ഉന്നയിച്ച ലൈംഗിക ആരോപണത്തെ തുടര്‍ന്നാണ് രാജി .  മനോരമ ന്യൂസാണ് സിദ്ദിഖിന്‍റെ രാജി ആദ്യം പുറത്തുവിട്ടത്.   തനിക്കെതിരായ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നിയെന്ന് സിദ്ദിഖ് മനോരമ ന്യൂസിനോട് പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് സിദ്ദിഖ് വ്യക്തമാക്കി.

 അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്  സിനിമയെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവനടിയുടെ ആരോപണം.    2016ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍വച്ചായിരുന്നു അതിക്രമം.  പീഡനവിവരം തുറന്നുപറഞ്ഞതിനാല്‍ സിനിമയില്‍നിന്ന് ഒഴിവാക്കപ്പെട്ടെന്നുമായിരുന്നു നടിയുടെ വെളിപ്പെടിത്തല്‍.

സിദ്ദിഖിന്റേത് ഉചിതമായ തീരുമാനമെന്ന് അമ്മ വൈസ് പ്രസിഡന്‍റ് ജയന്‍ ചേര്‍ത്തല. ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ വന്നാല്‍ സിദ്ദിഖ് തുടരുന്നത് ശരിയല്ല. രാജിക്കാര്യം അറിയിച്ചിരുന്നു. രാജിയാണ് ഉചിതമെന്ന് മോഹന്‍ലാലും പറഞ്ഞു.  ഓണ്‍ലൈനില്‍ യോഗം ചേരാന്‍ ശ്രമം നടത്തുകയാണെന്നും ജയന്‍ ചേര്‍ത്തല മനോരമ ന്യൂസിനോട് പറഞ്ഞു.

സിദ്ദിഖിന്റേത് അനിവാര്യമായ രാജിയെന്ന് മാലാ പാര്‍വതി. സ്ത്രീകളുടെ പരാതിക്ക് വില ലഭിക്കുന്നുവെന്നും മാലാ പാര്‍വതി മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, ചലച്ചിത്രലോകത്തെ രണ്ടു പ്രധാനികളായ, സംവിധായകൻ രഞ്ജിത്തിനും നടൻ സിദ്ദിഖിനും എതിരെ ഗുരുതര ലൈംഗിക ആരോപണം ഉയർന്നിട്ടും, കേസെടുക്കാതെ പൊലീസ്. ഇരുവർക്കും എതിരെ പരാതി ലഭിച്ചിട്ടില്ലാത്തതാണ് കേസെടുക്കാത്തതിന് കാരണമായി പൊലീസ് ഉയർത്തുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനെതിരെ ആരോപണമുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്രയോട് പരാതിയുണ്ടോ എന്ന് വിളിച്ചു ചോദിക്കും എന്ന് മന്ത്രി സജി ചെറിയാൻ ഇന്നലെ വൈകീട്ട് പറഞ്ഞിരുന്നു. എന്നാൽ അത്തരമൊരു നിർദേശം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

സിനിമാ ചർച്ചകൾക്കായി വിളിച്ച ശേഷം തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നാണ് സിദ്ദിഖിനെതിരെ നടി  ഉന്നയിച്ച ആരോപണം. ഈ രണ്ട് സംഭവത്തിലും പരാതിക്കാർ പൊതുമധ്യേ പീഡന വിവരം വെളിപ്പെടുത്തിയതിനാല്‍ പൊലീസിന് സ്വമേധയാ കേസെടുക്കാം എന്ന് ഒരു വിഭാഗം നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. 

എന്നാൽ പരാതിയില്ലാതെ കേസെടുക്കാനാവില്ലെന്നും സ്വമേധയാ കേസെടുക്കണമെങ്കിൽ സർക്കാർ നിർദേശം നൽകണമെന്ന നിലപാടിൽ പൊലീസ് ഉറച്ചു നിൽക്കുകയാണ്. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലും തുടർനടപടി ഉണ്ടായിട്ടില്ല

Siddique | ലൈംഗിക പീഡനാരോപണം; ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു:

AMMA general secretary Siddique Resigned